Connect with us

National

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി

Published

|

Last Updated

പൂനെ: മുംബൈ സ്‌ഫോടന പരമ്പരാ കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് 42 മാസം ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ജയില്‍ മാന്വലും ചട്ടങ്ങളും അനുസരിച്ചുള്ള മോചനമാണ് ദത്തിന് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.
. ശിക്ഷാ കാലയളവില്‍ 56കാരനായ നടന് ജയില്‍ അധികൃതര്‍ അനധികൃത സൗകര്യങ്ങള്‍ നല്‍കിയിരുന്നുവെന്ന ആരോപണങ്ങളെ യെര്‍വാഡ ജയില്‍ സൂപ്രണ്ട് യു.ടി പവാര്‍ തള്ളി. ദത്തിന്റെ മോചനം ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ളതാണെന്നും മറ്റെല്ലാ തടവുകാര്‍ക്കും നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമേ അദ്ദേഹത്തിനും നല്‍കിയിട്ടുള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു.
1993ല്‍ മുംബൈ സ്‌ഫോടന പരമ്പര നടന്ന കാലത്ത് അനധികൃതമായി ആയുധം സൂക്ഷിച്ച കേസില്‍ അതേ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ സഞ്ജയ് ദത്തിനെ 2013 മെയിലാണ് അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ച് യെര്‍വാഡ ജയിലില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ പല തവണ ദത്തിന് പരോള്‍ അനുവദിക്കപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. കേസില്‍ അന്വേഷണങ്ങള്‍ക്കും വിചാരണക്കുമിടെ 18 മാസം ദത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്.
2007 ജൂലൈയിലാണ് മുംബൈയിലെ ടാഡാ കോടതി ഇദ്ദേഹത്തിന് ആറ് വര്‍ഷത്തെ കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2013ല്‍ ശിക്ഷ അഞ്ച് വര്‍ഷമാക്കി ചുരുക്കുക മാത്രമാണ് ഉണ്ടായത്. ശിക്ഷാ കാലയളവില്‍ 2013 ഡിസംബറില്‍ 90 ദിവസവും പിന്നീട് 30 ദിവസവും സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നു.

Latest