തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ രണ്ട് മുതല്‍ സമ്പൂര്‍ണ ശൗചാലയമെന്ന ലക്ഷ്യം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സംരഭകസ്വച്ച് ഭാരത് പദ്ധതി നടപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊതു, സ്വകാര്യ മേഖലാ പ്രതിനിധികളുമായും സാമുദായിക സംഘടനാ നേതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വ വിഷയത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടുവരാന്‍ വിവിധ മത, സാമുദായിക നേതാക്കളുടെ പിന്തുണ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹത്തിന്റെ സഹകരണം ഉറപ്പാക്കാന്‍ വിവിധ സാമുദായിക നേതാക്കളുടെയും സ്വയം സഹായ സംഘങ്ങളുടെയും സജീവമായ ഇടപെടല്‍ ഉണ്ടാകണം. വിശ്വാസി സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ പ്രധാനമാണ്. മതനേതാക്കളുടെ സ്വാധീന ശക്തി ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പൊതുഇടങ്ങളിലെ ശൗചാലയങ്ങളുടെ പൂര്‍ത്തീകരണം ആവശ്യകതയിലേക്ക് എത്തിച്ചേരുന്നില്ല. കേരളത്തിലെ ജനങ്ങളില്‍ 96 ശതമാനം ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്താണ്.
ഖര- ദ്രവ്യ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി പ്രത്യേകതകള്‍ ഉള്ള അട്ടപ്പാടി, കുട്ടനാട്, തീരദേശ മേഖല, പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം പരിമിതികള്‍ നേരിടുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തില്‍ സംസ്ഥാനം എത്തിച്ചേരേണ്ടതുണ്ട്. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സര്‍ക്കാറിനൊപ്പം വ്യവസായ പ്രമുഖരുടെയും കൂട്ടായ പരിശ്രമം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ. വാസുകി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അജിത്ത്കുമാര്‍ എന്നിവരും മര്‍ക്കസിനെ പ്രതിനിധീകരിച്ച് പ്രൊഫ. എ കെ അബ്ദുല്‍ ഗഫൂര്‍, കേരള മുസ്‌ലീം ജമാഅത്തിനെ പ്രതിനിധീകരിച്ച് എ സെയ്ഫുദ്ദീന്‍ ഹാജി, കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ, എന്‍ എസ് എസിനെ പ്രതിനിധീകരിച്ച് സംഗീത് കുമാര്‍ സംബന്ധിച്ചു.