രോഗനിയന്ത്രണത്തിന് മാസ്റ്റര്‍ പ്ലാന്‍ വേണം

Posted on: February 25, 2016 5:50 am | Last updated: February 25, 2016 at 12:09 am

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗം നിയന്ത്രിക്കുന്നതിനായി മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരണമെന്ന് നിയമസഭാസമിതി. നിലവിലെ ക്യാന്‍സര്‍ രംഗത്തെ ചികിത്സാ ഉപാധികള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭൗതികസാഹചര്യങ്ങള്‍, സ്റ്റാഫ് പാറ്റേണ്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തയ്യാറാക്കി സൂക്ഷിക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗ ചികിത്സക്കായി എം എല്‍ എ, എം പി ഫണ്ടില്‍ നിന്ന് ഓരോവര്‍ഷവും നിശ്ചിത തുക നീക്കിവെക്കണം. മിനി ആര്‍ സി സിയായി ഉയര്‍ത്തുന്ന ആശുപത്രികളില്‍ സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി എന്നീ വിഭാഗങ്ങളുണ്ടായിരിക്കണം. ആര്‍ എ സി സിയിലേക്കെത്തുന്ന രോഗികളുടെ എണ്ണം കുറക്കുന്നതിന് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യമൊരുക്കണം.
ക്യാന്‍സര്‍ രോഗനിര്‍ണയത്തിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണം. ക്യാന്‍സര്‍ രോഗത്തിന് മതിയായ ചികിത്സ ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്തണം. ചികിത്സക്ക് ഭീമമായ ചെലവുണ്ടാകുന്ന സാഹചര്യത്തില്‍ ക്യാന്‍സര്‍ ചികിത്സ ഒരു അവകാശമെന്ന് ഉറപ്പുനല്‍കുന്ന ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ കൊണ്ടുവരണമെന്നും സമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം ഗ്രാമീണസേവനമെന്ന നിര്‍ബന്ധിത വ്യവസ്ഥ ഏര്‍പ്പെടുത്തണം. ഇക്കാര്യം നിയമനിര്‍മാണത്തിലൂടെ മെഡിക്കല്‍ അഡ്മിഷന്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തണം. മരുന്നുകളുടെ ഗുണനിലവാര പരിശോധനക്കായി എല്ലാ ജില്ലകളിലും അനലിറ്റിക്കല്‍ ലാബുകള്‍ സ്ഥാപിക്കണം.
സംസ്ഥാനത്തെ സ്വകാര്യമേഖലയിലടക്കം പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള മരുന്നുവിതരണത്തിന്റെ മൊത്തം ചുമതല മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ഏല്‍പ്പിക്കണം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കേരളത്തില്‍ത്തന്നെ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണം. എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവമാറ്റശസ്ത്രക്രിയ നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കണം.
ചികിത്സാരംഗത്തെ ചൂഷണം തടയുന്നതിനാവശ്യമായ നിയമനിര്‍മാണം കൊണ്ടുവരണമെന്നും നിയമസഭാസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പി കെ ബഷീര്‍, ജെയിംസ് മാത്യു, എന്‍ ജയരാജ്, ജോസഫ് വാഴയ്ക്കന്‍, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ലൂഡി ലൂയിസ്, എ പ്രദീപ്കുമാര്‍, കെ എസ് ശബരീനാഥന്‍ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.