നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ ജയിലില്‍ കഴിയുന്നില്ലെന്ന് കേന്ദ്രം

Posted on: February 25, 2016 6:00 am | Last updated: February 25, 2016 at 12:07 am
SHARE

jailന്യൂഡല്‍ഹി : നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ തീവ്രവാദ കേസുകളില്‍ ജയിലില്‍ കിടക്കുന്നുവെന്ന വാദം ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യ സഭയില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഭരണഘടനയുടെ എഴാം ഖണ്ഡിക പ്രകാരം വിചാരണാ തടവുകാരുടെ ഡാറ്റ പരിപാലിക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വിവിധ എന്‍ ഐ എ സ്‌പെഷ്യല്‍ കോടതികളിലായി ഇത്തരത്തിലുള്ള അഞ്ച് കേസുകളില്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇതില്‍ 43 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലിലടക്കുകയും 30 പേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കേസുകളിലും ദേശീയ അന്വേഷണ ഏജന്‍സി നടപടി സ്വീകരിക്കുന്നത് കോടതിയുടെയും നിയമ പരിശോധനയുടെയും അടിസ്ഥാനത്തിലാണ്. നിരാപരാധികളുടെ മോചനം കോടതികളില്‍ സ്വാതന്ത്രവും നീതിയുക്തവുമായ വിചാരണയുടെ അനന്തര ഫലമാണ്- അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ഒളിച്ചോട്ടമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
വിചാരണാ തടവുകാരായി വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം യുവാക്കള്‍ പീഡനം അനുഭവിക്കുന്നുണ്ട്. ഇത് സംസ്ഥാന സര്‍ക്കാറുകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി മുസ്‌ലിം യുവാക്കള്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് കാണിച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ജുമുഅ മസ്ജിദിലെ ഷാഹി ഇമാമും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. അന്ന് അക്കാര്യം പരിഗണിക്കാമെന്നും ഒരു നിരപരാധിയും രാജ്യത്ത് ശിക്ഷിക്കപ്പെടില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നിരപരാധികളായ മുസ്‌ലിംകള്‍ രാജ്യത്തെ ജയിലുകളിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here