Connect with us

Editorial

നിയമവാഴ്ച അപകടത്തില്‍

Published

|

Last Updated

ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് തന്റെ സര്‍ക്കാറെന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ജനാധിപത്യം, മതേതരത്വം, തുല്യനീതി, നിയമവാഴ്ച, വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടുങ്ങി രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക തത്വങ്ങളും പൗരന്റെ അവകാശങ്ങളും എത്രത്തോളം പാലിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ് ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന്റെയും ആധുനികതയുടെയും അളവുകോലായി പരിഗണിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ വെച്ചു വിലയിരുത്തുമ്പോള്‍ രാജ്യത്തെ ആധുനികതയിലേക്കാണോ അതോ പ്രാകൃത യുഗത്തിലേക്കാണോ മോദിയും കൂട്ടരും നയിച്ചു കൊണ്ടിരിക്കുന്നതെന്ന സന്ദേഹം ഉയരുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹം ചുമത്തി പോലീസും ഭരണകൂടവും വേട്ടയാടിക്കൊണ്ടിരക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.
നിയമവാഴ്ചയെ നോക്കുകുത്തിയാക്കി കന്‍ഹയ്യ കുമാറിനെ ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ പോലീസ് സാന്നിധ്യത്തില്‍ അഭിഭാഷകര്‍ മൂന്ന് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കോടതിയിലെ തേര്‍വാഴ്ചക്ക് നേതൃത്വം നല്‍കിയ ബി ജെ പി അനുഭാവി വിക്രംസിംഗ് ചൗഹാന്‍ എന്ന അഭിഭാഷകന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. കന്‍ഹയ്യയെ ഞങ്ങള്‍ മൂന്ന് മണിക്കൂറോളം തല്ലിച്ചതച്ചു. പാന്റില്‍ മൂത്രമൊഴിക്കുന്നത് വരെ മര്‍ദനം തുടര്‍ന്നു. അവനെക്കൊണ്ട് ഞങ്ങള്‍ ഭാരത് മാതാകീ ജയ് വിളിപ്പിച്ച ശേഷമാണു തല്ല് നിര്‍ത്തിയതെന്നും ചൗഹാന്‍ വെളിപ്പെടുത്തുന്നു. കന്‍ഹയ്യയെ ഞങ്ങള്‍ വെറുതെ വിടില്ല. ഇനിയും തല്ലച്ചതക്കും. വേണ്ടിവന്നാല്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും കൊലപാതക കുറ്റം ചുമത്തിയാല്‍ പോലും തനിക്ക് ഭയമില്ലെന്നും ചൗഹാന്‍ പറയുകയുണ്ടായി. ചൗഹാനെ കൂടാതെ യശ്പാല്‍ ശര്‍മ, ഓം ശര്‍മ എന്നീ അഭിഭാഷകരൂം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ഇവരെയൊന്നും ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമില്ല.
കുറ്റം ആരോപിക്കപ്പെട്ടവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമുണ്ട്. ഇതോടൊപ്പം കസ്റ്റഡിയിലുള്ള പ്രതികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും വേണം. ഒരു പോറലുമേല്‍ക്കാതെ അവരെ സംരക്ഷിക്കണമെന്നാണ് നിയമം. പ്രതികളെ അന്യായമായി കൈയാമം വെക്കുന്നതിന് പോലും വിലക്കുണ്ട്. സുപ്രീം കോടതി പല കേസുകളിലും കസ്റ്റഡിയിലെ പീഡനത്തിനെതിരെ ശക്തമായി പ്രതികരിച്ചതാണ്. കുറ്റാന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുള്ളതുകൊണ്ട് മാത്രം അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അറസ്റ്റ് ആവശ്യമാണെങ്കില്‍ മാത്രമേ നടപ്പിലാക്കേണ്ടതുള്ളൂവെന്നും കോടതിയുടെ ഉത്തരവില്‍ കാണാം. എന്നാല്‍, ജെ എന്‍ യു പ്രശ്‌നത്തിന്‍ പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ പോലീസ് ധൃതി പിടിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ചട്ടവും കാറ്റില്‍ പറത്തി. സംഘ്പരിവാര്‍ ഗുണ്ടകളായ അഭിഭാഷകര്‍ക്ക് തല്ലാനും കൊല്ലാനും പാകത്തില്‍ കന്‍ഹയ്യ കുമാറിനെ വിട്ടുകൊടുക്കുകയും അഭിഭാഷകരുടെ തേര്‍വാഴ്ച കണ്ട് ആസ്വദിക്കുകയുമായിരുന്നു പോലീസ്. കുറ്റാന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും പേരില്‍ വ്യക്തികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ നിയമപാലകര്‍ക്ക് പോലും അധികാരമില്ലെന്നിരിക്കെ കന്‍ഹയ്യയെ അഭിഭാഷക ഗുണ്ടകള്‍ക്ക് വിട്ടുകൊടുത്ത നടപടി കാടത്തമാണ്. തന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കന്‍ഹയ്യയുടെ മാതാവ് മീനാ ദേവി ചോദിക്കേണ്ടിവന്നതിന്റെയും ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ കീഴടങ്ങുന്നതിന് കോടതിയില്‍ നിന്ന് സംരക്ഷണം ഉറപ്പ് ലഭിക്കുന്നത് വരെ കാത്തിരുന്നതിന്റെയും സാഹചര്യമിതാണ്. കസ്റ്റഡിയിലിരിക്കുമ്പോള്‍ കന്‍ഹയ്യക്ക് മരണം സംഭവിക്കുകയാണെങ്കില്‍ പിന്നീട് നിരപരാധിയായിരുന്നു എന്നു തെളിഞ്ഞിട്ട് കാര്യമെന്ത്? എനിക്കെന്റെ മകനെ തിരിച്ചുതരാന്‍ പിന്നീട് ഈ സര്‍ക്കാറിന് കഴിയുമോ എന്നും ആ മാതാവ് ചോദിക്കുകയുണ്ടായി.
കന്‍ഹയ്യകുമാര്‍ നിരപരാധിയാണെന്ന് ഉറച്ച വിശ്വാസക്കാരാണ് മാതാപിതാക്കളും അടുത്തറിയുന്ന സുഹൃത്തുകളും. സത്യസന്ധമായ അന്വേഷണവും കോടതി നടപടികളും ഇത് തെളിയിക്കുമെന്ന് അവര്‍ക്ക് ഉറച്ച വിശ്വാസവുമുണ്ട്. എന്നാല്‍ ഇത് ബോധ്യപ്പെടുമ്പോഴേക്ക് കന്‍ഹയ്യ ജീവിച്ചിരിക്കുമോ എന്നാണവരുടെ ആശങ്ക. ഒളിക്യാമറാ ഓപറേഷനിലൂടെ പുറത്തു വന്ന വിവരങ്ങള്‍ ഈ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കുന്നു. രാജ്യത്ത് നിയമവാഴ്ച അപകടത്തിലാണ്. തുല്യനീതിയെന്ന ഭരണഘടനാ വിളംബരം കടലാസില്‍ ഒതുങ്ങുന്നു. മനുഷ്യാവകാശങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ പച്ചയായി ലംഘിക്കുന്നു. തന്റെ മകനെതിരെ പരാതി ലഭിച്ചപ്പോള്‍ ധൃതിപിടിച്ചു അവനെ അറസ്റ്റ് ചെയ്തപ്പോള്‍ കന്‍ഹയ്യയെ മര്‍ദ്ദിച്ചവരില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലല്ലോ എന്ന മീനാദോവിയുടെ ചോദ്യം രാജ്യത്തെ നിയമവാഴ്ചയുടെ പരാജയവും പൊള്ളത്തരവും വെളിപ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കന്‍ഹയ്യമാര്‍! എത്രയെത്ര മീനാദേവിമാര്‍!