ബി ജെ പി അക്കൗണ്ടു തടയാനുള്ള ബാധ്യത ഇടതു വലതു മുന്നണികള്‍ക്ക്: സഈദ്

Posted on: February 24, 2016 8:34 pm | Last updated: February 24, 2016 at 8:36 pm
SHARE
ദോഹ: കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുന്നതു തടയുന്നിതിനുള്ള ബാധ്യത പ്രധാനമായും എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ക്കാണെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എ സഈദ്. അവര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ സഹകരണം തീരുമാനിക്കുക. ചര്‍ച്ചകള്‍ പോലും അസാധ്യമാക്കുന്ന രീതിയില്‍ എസ് ഡി പി ഐയെ അകറ്റി നിര്‍ത്താന്‍ ശ്രമങ്ങളുണ്ട്. കേരളത്തിലെ ശതക്തമായി നില്‍ക്കുന്ന രണ്ടു മുന്നണികളിലേക്കുമുള്ള പ്രവേശനം എളുപ്പമല്ല. ബി ജെ പിക്ക് സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. എസ് ഡി പി ഐക്ക് നയപരമായി കൂടുതല്‍ യോജിക്കാന്‍ പറ്റുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റെതാണ്. ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിയിരുന്നു.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ സി പി എം സംസ്ഥാന നേതൃത്വവുമായി സംസാരിച്ചു ധാരണയായിരുന്നു. പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കളുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ സി പി എമ്മിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സഖ്യം നടക്കാതെ പോകുകയായിരുന്നു. ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പമാണ്. കേരളത്തില്‍ ഉള്ള ഐത്തം മറ്റു സംസ്ഥാനങ്ങളിലില്ല. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ആശങ്ക എസ് ഡി പി എക്ക് മുന്നണി രാഷ്ട്രീയത്തില്‍ സ്വീകാര്യത കിട്ടാത്തതിനു കാരണമാകുന്നുണ്ടാകാം. മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചക്ക് സഹായിക്കും എന്നത് മിഥ്യാ ധാരണയാണ്. സ്വാതന്ത്ര്യത്തിനു ശേഷം 69 കൊല്ലം മതേതര, ജനാധിപത്യ പാര്‍ട്ടികളുടെ ഭാഗമായിരുന്നു. അതു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയോ വര്‍ഗീയ ശക്തികള്‍ വളരാതിരിക്കുകയോ ചെയ്തിട്ടില്ല. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ച് കൊണ്ടുള്ള ഒരു മേതതര ബദലാണ് എസ് ഡി പി ഐ മുന്നോട്ട് വെക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഒരു സെക്യുലര്‍ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ട് വരാനും അധികാരത്തില്‍ പങ്കാളിത്തം നേടിയെടുക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി അഭിപ്രായ പ്രകടനത്തിനും വിശാലമായ തലതത്തിലുള്ള വിദ്യാര്‍ഥികളുടെ ഇടപെടലിനും സ്വാതന്ത്ര്യമുള്ള ഒരു വിദ്യഭ്യാസ സ്ഥാപനമെന്ന നിലയില്‍ മുമ്പേ ബി ജെ പിയുടെ കണ്ണിലെ കരടായിരുന്നു. ഒരു അവസരം കിട്ടിയപ്പോള്‍ അത് ഉപയോഗിക്കുകയോ സ്വയം അവസരം സൃഷ്ടിക്കുകയോ ആണ് ചെയ്തത്. ഭീകര നിയമങ്ങളുടെ അകമ്പടിയുണ്ടെങ്കിലേ ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാവൂ എന്ന സ്ഥിതിയാണുള്ളത്. ഭരണകൂടം ശരിയായ ജനാധിപത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കാത്തത് കൊണ്ടാണ് ഈ പതനം. ഭരണം നടത്തുന്ന പാര്‍ട്ടിയാണ് എന്ന പക്വത ബി ജെ പി നേതൃത്വമോ അതിന്റെ അണികളോ ഉപസംഘടനകളോ കാണിക്കുന്നില്ലെന്നത് ലജ്ജാകരമാണ്. രാജ്യത്തെ മതേതര, ജനാധിപത്യ സംവിധാനം പൂര്‍ണമായും തകര്‍ക്കാനുള്ള അവരുടെ ശ്രമം ജനങ്ങളില്‍ വലിയ അരക്ഷിത ബോധം സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍, മതേതര പാര്‍ട്ടികള്‍ക്കിടയില്‍ ഇതിനെതിരേ മുമ്പില്ലാത്തവിധം ഐക്യം രൂപപ്പെട്ടു വരുന്നത് പ്രതീക്ഷാവഹമാണ്.
എന്നാല്‍, വര്‍ഗീയ രാഷ്ട്രീയത്തിന് ബദല്‍ കുടുംബ രാഷട്രീയമോ അഴിമതി രാഷ്ട്രീയമോ അല്ല. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് എസ്ഡി പി ഐ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുന്നതും അത്തരം പാര്‍ട്ടികളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്നതും. എന്നാല്‍, അടിസ്ഥാന തലത്തിലുള്ള ഒരു മാറ്റത്തിലൂടെ സംശുദ്ധമായ ഒരു രാഷ്ട്രീയ സംവിധാനമാണ് പാര്‍ട്ടിയുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സഈദ് കൊമ്മച്ചി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here