ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 45 റണ്‍സ് ജയം

Posted on: February 24, 2016 10:21 pm | Last updated: February 25, 2016 at 12:31 am

Australia India T20 Cricket

മിര്‍പുര്‍: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം ഇന്ത്യക്ക്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 45 റണ്‍സിന് തോല്‍പ്പിച്ചു. ഓപണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറിയോടെ (83) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായപ്പോള്‍ ഹര്‍ദിക് പാണ്ഡ്യെ പതിനെട്ട് പന്തുകളില്‍ 31 റണ്‍സടിച്ച് ബംഗ്ലാ വീര്യം കെടുത്തി. ബൗളിംഗില്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ മൂന്ന് വിക്കറ്റ് വീഴ്ത്തിയും വിജയത്തില്‍ നിര്‍ണായകമായി.
സ്‌കോര്‍ : ഇന്ത്യ നിശ്ചിത 20 ഓവറില്‍ 166/6 ; ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 121/7.
44 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശ് നിരയില്‍ ടോപ് സ്‌കോറര്‍.
ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ (2),വിരാട് കോഹ്‌ലി(8), സുരേഷ് റെയ്‌ന(13), യുവരാജ് സിംഗ് (15) എന്നിവര്‍ക്ക് വലിയ ഇന്നിംഗ്‌സ് സാധ്യമായില്ല. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഏഴാമനായാണ് ക്രീസിലെത്തിയത്. ഒരു സിക്‌സര്‍ ഉള്‍പ്പടെ രണ്ട് പന്തില്‍ എട്ട് റണ്‍സുമായി ധോണി തിളങ്ങുകയും ചെയ്തു. ഒരു സിക്‌സറും നാല് ഫോറും നേടിയ ഹര്‍ദിക് പാണ്ഡ്യ ടീമിനൊരു മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുന്ന ഇന്നിംഗ്‌സാണ് കാഴ്ചവെച്ചത്.
കൈവിട്ട കളി
55 പന്തുകളില്‍ 83 റണ്‍സടിച്ച രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. ഏഴ് ഫോറുകളും മൂന്ന് സിക്‌സറും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍, രോഹിത് ശര്‍മ 21 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ നല്‍കിയ ക്യാച്ച് ബംഗ്ലാദേശ് വിട്ടു കളഞ്ഞിരുന്നു. പതിനൊന്നാം ഓവറിലാണ് സംഭവം. താസ്‌കിന്‍ അഹമ്മദിന്റെ ആദ്യരണ്ട് പന്തുകളില്‍ നിന്നും റണ്‍സെടുക്കാന്‍ വിഷമിച്ച രോഹിത് മൂന്നാം പന്ത് ക്ഷമകെട്ടടിച്ചു. പോയിന്റില്‍ ഷാകിബിന് അനായാസ ക്യാച്ച് ! പക്ഷേ ഷാകിബിന് പിഴച്ചു. രോഹിതിന് ലൈഫ്. ബംഗ്ലാദേശ് ടീമിന് ആ വിക്കറ്റ് എത്ര മാത്രം വലുതായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. താസ്‌കിന്റെ അടുത്ത മൂന്നു പന്തുകളും രോഹിത് പെരുമാറി. നാലാം പന്ത് മനോഹരമായ പ്ലെയ്‌സ്‌മെന്റിലൂടെ രോഹിത് ബൗണ്ടറി കടത്തി. അഞ്ചാം പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഷോട് ബോള്‍. രോഹിത് അപ്പര്‍ കട്ടിലൂടെ സിക്‌സര്‍ പറത്തി. നിരാശനായ താസ്‌കിന്റെ ആറാം പന്തിലും രോഹിത് ബൗണ്ടറി നേടി. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് തേര്‍ഡ്മാനിലൂടെ അതിര്‍ത്തി കടന്നു.

യുവരാജിന് 1000
ട്വന്റി20 ഫോര്‍മാറ്റില്‍ യുവരാജ് സിംഗ് ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇരുപത്തിനാലാമത്തെ ലോകതാരമായി.
വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് യുവരാജിന് മുമ്പെ ടി20യില്‍ ആയിരം റണ്‍സ് ക്ലബ്ബിലെത്തിയവര്‍. ഇന്നലെ ക്രീസിലെത്തുമ്പോള്‍ യുവരാജ് 993 റണ്‍സിലായിരുന്നു. പന്ത്രണ്ടാം ഓവറില്‍ മശ്‌റഫെ മുര്‍തസയെ സിംഗിളെടുത്താണ് യുവി ആയിരം തികച്ചത്.