Connect with us

Gulf

ഗതാഗത തിരക്കു കുറക്കാന്‍ അല്‍-മിര്‍ഗാവില്‍ പുതിയ പാത

Published

|

Last Updated

ഷാര്‍ജ: അജ്മാന്‍-ഷാര്‍ജ പാതകളിലൊന്നിലെ ഗതാഗത തിരക്കുകുറക്കുന്നതിനായി പണിയുന്ന പുതിയ പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു.
ഷാര്‍ജ-അല്‍ മിര്‍ഗാവ് സ്ട്രീറ്റിലെ അലി ബിന്‍ അലി ശംസി റൗണ്ട് എബൗട്ടിനു സമീപമാണ് പുതിയ പാത പണിയുന്നത്. നിര്‍മാണം ഏതാണ്ട് അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. താമസിയാതെ പൂര്‍ത്തിയാകും. ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഖഗമമാകും. കുവൈത്ത് സ്ട്രീറ്റ് വഴിയാണ് അല്‍ മിര്‍ഗാവ് സ്ട്രീറ്റിലെത്തുക. അലി ബിന്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതക്കുരുക്കു പതിവാണ്. ഇതുമൂലം അജ്മാനിലേക്കുള്ള യാത്ര ദുഷ്‌കരമാണ്. പല സമയങ്ങളിലും കുരുക്കില്‍പെട്ട് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങാറുണ്ട്. ഇതുകാരണം നിശ്ചിതസ്ഥലത്ത് യാത്രക്കാര്‍ക്ക് യഥാസമയം എത്തിച്ചേരാന്‍ കഴിയാറില്ല. തിരക്കു ഒഴിവാക്കാനായി പലരും കച്ചറോഡുകളാണ് അജ്മാനിലേക്കും തിരിച്ച് ഷാര്‍ജയിലേക്കും എത്താന്‍ ഉപയോഗിക്കുന്നത്. ഇതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്.
പുതിയ റോഡ് നിര്‍മാണത്തോടെ ഈ ക്ലേശം കുറഞ്ഞുകിട്ടും. അതേസമയം, അജ്മാന്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗത തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. അടുത്തിടെയാണ് കുരുക്ക് ശക്തമായിത്തുടങ്ങിയത്. ദീര്‍ഘനേരം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാകാതെ നിരത്തുകളില്‍ തന്നെ കുടുങ്ങിക്കിടക്കുന്നു. വീതികുറഞ്ഞ റോഡുകളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ദുബൈയില്‍ കെട്ടിടവാടക കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കൂട്ടത്തോടെ ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലേക്ക് താമസം മാറ്റിയതാണ് ഗതാഗതത്തിരക്കുകൂടാന്‍ ഇടയാക്കിയതെന്നു പറയുന്നു. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് വാടക കുറവാണ് അജ്മാനിലെന്നാണ് വിലയിരുത്തല്‍.

Latest