വിവാദ പ്രസംഗം; എംഎം മണി ഖേദം പ്രകടിപ്പിച്ചു

Posted on: February 24, 2016 2:49 pm | Last updated: February 25, 2016 at 8:53 am

mm mani copyഇടുക്കി: വനിത പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. തന്റെ പരാമര്‍ശത്തില്‍ അധ്യാപികക്കെതിരെ ചില മോശം വാക്കുകള്‍ കടന്നുവന്നിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ചും അവര്‍ ഒരു സ്ത്രീയായതിനാല്‍. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആ പരാമര്‍ശത്തിന് അര്‍ഹനാണെന്നും പൊലീസുമായുള്ള പ്രശ്‌നത്തില്‍ യാതൊരു ഖേദവുമില്ലെന്നും മണി പറഞ്ഞു.
കഴിഞ്ഞ ദിവസം ചെറുതോണിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സ്ഥലം എസ് ഐക്കും പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനുമെതിരെ അസഭ്യ വര്‍ഷം നടത്തിയതിന് എം എം മണിക്കെതിരെ ഇടുക്കി പോലീസ് കേസെടുത്തിരിന്നു. കഴിഞ്ഞ ദിവസം എസ് എഫ് ഐ പഠിപ്പുമുടക്ക് സമരത്തിനിടെ ഉണ്ടായ വിദ്യാര്‍ഥി പോലീസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലായിരുന്നു എം എം മണി വിവാദ പ്രസംഗം നടത്തിയത്.
പഠിപ്പ് മുടക്കി സമരം നടത്തിയ പൈനാവ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ പൈനാവ് പോളിടെക്‌നിക്കില്‍ എത്തിയെങ്കിലും രാഷ്ട്രീയമില്ലാത്ത പോളിടെക്‌നിക്കിന്റെ ഗേറ്റ് അടച്ച അധികൃതര്‍ സമരക്കാരെ പ്രവേശിപ്പിച്ചില്ല. എസ് എഫ് ഐക്കാര്‍ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കയറുകയും രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി. എന്നാല്‍ ഇവരെ കൊണ്ടുപോകാന്‍ ശ്രമിക്കവേ പ്രാദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വീണ്ടും അറസ്റ്റിന് മുതിര്‍ന്നില്ല.
ഇതിന്റെ പേരില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് എസ് ഐ ഗോപിനാഥനും പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനുമെതിരെ മണി അസഭ്യ വര്‍ഷം ചൊരിഞ്ഞത്. തന്തക്ക് പിറക്കാത്ത പണിയാണ് എസ് ഐ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യുവാന്‍ തങ്ങള്‍ക്ക് അറിയാമെന്നും മണി പറഞ്ഞു. എസ് ഐക്ക് പറ്റിയ വായ്‌നോക്കി പോലീസുകാരാണ് ചുറ്റും നില്‍ക്കുന്നതെന്നും മണി പറഞ്ഞു. ക്ലാസ് മുറിയുടെ കതക് അടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന വനിതയായ പോളിടെക്‌നിക്ക് പ്രിന്‍സിപ്പലിന് ഒരുമാതിരി സൂക്കേടാണ്. കതക് അടച്ച് അതിനകത്ത് വേറെ പരിപാടിയാണ്. ഗോപിനാഥനെ ഞങ്ങള്‍ മര്യാദ പഠിപ്പിക്കും… ഇങ്ങനെ പോയി മണിയുടെ പ്രസംഗം.

വകവരുത്തിയ രാഷ്ട്രീയ എതിരാളികളുടെ പട്ടിക അക്കമിട്ട് നിരത്തി 2012ല്‍ മണക്കാട് നടത്തിയ പ്രസംഗം എം എം മണിക്ക് ജയില്‍വാസം നേടിക്കൊടുത്തിരുന്നു. അന്നത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷിച്ച കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസിലെ പ്രതിയാണ് മണി.