Connect with us

Kerala

കേരള കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം; ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു

Published

|

Last Updated

തിരുവനന്തപുരം:കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷം. കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് നീങ്ങുകയെന്നാണ് സൂചന. മുന്നണിയില്‍ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. മാണി ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പില്‍നിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ ജോസഫ് വിഭാഗത്തിന്റെ നീക്കം.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന നിലപാടാണ് കെഎം മാണി സ്വീകരിച്ചത്. എന്നാല്‍, ഇക്കാര്യത്തിന് വഴങ്ങാന്‍ ജോസഫ് തയ്യാറായില്ല. നിലവിലുള്ള എംഎല്‍എമാര്‍ക്കുപോലും സീറ്റ് നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.

റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു. അതേസമയം, അസൗകര്യമുള്ളതിനാലാണ് എംഎല്‍എമാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. സഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് താനാണ് പറഞ്ഞതെന്ന് കെ എം മാണി പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് കെ എം മാണി രംഗത്ത് വന്നു. കേരള കോണ്‍ഗ്രസ് ഒരുമയോടെ പോകുന്ന പാര്‍ട്ടിയെന്ന് കെഎം മാണി പറഞ്ഞു.

Latest