ആര്യാടന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വച്ചെന്ന് സരിത

Posted on: February 24, 2016 1:04 pm | Last updated: February 25, 2016 at 8:53 am
SHARE

SARITHA SOLAR COMMISIONകൊച്ചി: സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജുഡിഷ്യല്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. 2011 ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തി ആദ്യഗഡു 25 ലക്ഷം നല്‍കി. ബിഗ് ഷോപ്പറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. സോളാര്‍ നിക്ഷേപകര്‍ നല്‍കിയ പണമാണ് കോഴയായി നല്‍കിയത്. പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും നിരവധി തവണ ഈ വിഷയം ഫോണിലും നേരിട്ടും ആര്യാടനുമായി സംസാരിച്ചുവെന്നും സരിത വെളിപ്പെടുത്തി.

പണം കൈമാറുമ്പോള്‍ ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ഉമ്മറും കൃഷ്ണനും മുറിയില്‍ ഉണ്ടായിരുന്നുവെന്നും സരിത പറഞ്ഞു. 75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎ കേശവനാണെന്നും കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് അദ്ദേഹം പറഞ്ഞതായും സരിത മൊഴി നല്‍കി.

സോളാര്‍ കമീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് സരിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here