കന്‍ഹയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Posted on: February 24, 2016 12:03 pm | Last updated: February 24, 2016 at 3:17 pm
SHARE

kanhaiya kumarന്യൂഡല്‍ഹി:രാജ്യാദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കന്‍ഹയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി.

ഇതോടെ കന്‍ഹയ്യ റിമാന്‍ഡില്‍ തുടരും. ചോദ്യം ചെയ്യുന്നതിന് കന്‍ഹയ്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നുതന്നെ കീഴ്‌കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം.കനഹയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും കോടതി അറിയിച്ചു.

കന്‍ഹയ്യ കുമാറിന് ജ്യമ്യം അനുവദിക്കുന്നതിന് അനുകൂലമായി നിലപാടെടുക്കുമെന്ന് ആദ്യം നിലപാടെടുത്തിരുന്ന പൊലീസ് പിന്നീട് ഇക്കാര്യത്തില്‍ നിലപാട് മാറ്റിയിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഇന്നലെ തന്നെ ഡല്‍ഹി കമ്മീഷണര്‍ ബിഎസ് ബസി വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കന്‍ഹയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കന്‍ഹയ്യ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഡല്‍ഹി പോലീസിനു വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയെ മാറ്റാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഉത്തരവിട്ടിരുന്നു. പകരം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ നിയമിക്കാനും നജീബ് ജംഗ് നിര്‍ദേശിക്കുകയായിരുന്നു.
കന്‍ഹയ്യയ്‌ക്കെതിരെ നാല് പ്രധാന കുറ്റങ്ങളാണ് ദില്ലി പോലീസ് നിലവില്‍ ചുമത്തിയിരിക്കുന്നത്. കനയ്യ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് തെളിയിക്കുന്ന സ്വകാര്യ ടെലിവിഷന്‍ ദൃശ്യങ്ങളുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട് .

സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു, അനുവാദമില്ലാതെ ബലംപ്രയോഗിച്ച് പരിപാടി സംഘടിപ്പിച്ചു, ജെഎന്‍യു ക്യാംപസില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി, ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി എന്നീ കുറ്റങ്ങളാണ് പോലീസ് കനയ്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.