പാമൊലിനില്‍ പ്രതിപക്ഷ ബഹളം: സര്‍ക്കാരിന് നഷ്ടമില്ലെന്ന് മുഖ്യമന്ത്രി

Posted on: February 24, 2016 11:08 am | Last updated: February 24, 2016 at 1:55 pm
SHARE

NIYAMASABHAതിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി പരമാര്‍ശത്തില്‍ അടിയന്തരപ്രമേയ നോട്ടീസ്. കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും രാജു എബ്രഹാം എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.

മനപ്പൂര്‍വം എല്ലാവരേയും കുടുക്കാന്‍ കൊണ്ടുവന്ന കെണിയാണ് പാമോലിന്‍ കേസെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ നടപടി ശരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകിയാണെങ്കിലും ഇവര്‍ക്ക് നീതികിട്ടിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടെന്ന് സുപ്രീംകോടതി വരെ പറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫയലില്‍ ഒപ്പിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. പാമോലിന്‍ ഇടപാട് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്നായിരുന്നു കോടതി പരാമര്‍ശം.
ഉമ്മന്‍ ചാണ്ടിക്ക് തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം, നിയമസഭ ചേര്‍ന്നപ്പോള്‍ സഭയുടെ സന്ദര്‍ശക ഗാലറിയില്‍ വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വി.എസ്.ഡി.പി ട്രഷറര്‍ അജോയ് പുന്നക്കാടും മകനും മറ്റു രണ്ടു പേരുമാണ് മുദ്രാവാക്യം വിളിച്ചത്. ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേള തുടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച മൂവരേയും വാച്ച് ആന്‍ഡ് വാര്‍ഡ് പിടികൂടി സഭക്ക് പുറത്തെത്തിച്ച് പൊലീസിന് കൈമാറി.