കോഴിക്കോട് സംസ്ഥാനത്തെ മൂന്നാമത്തെ ഐ ടി ഹബ്ബായി മാറും: പി കെ കുഞ്ഞാലിക്കുട്ടി

Posted on: February 24, 2016 10:49 am | Last updated: February 24, 2016 at 10:49 am
SHARE

KUNHALIKUTTYകോഴിക്കോട്: സഹകരണ മേഖലയിലെ ആദ്യത്തെ ഐ ടി സംരംഭമായ യു എല്‍ സൈബര്‍ പാര്‍ക്ക് ഈ മാസം 27ന് ഉച്ചക്ക് 12. 45 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുറന്ന് കൊടുക്കുമെന്ന് വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ മൂന്നാമത്തെ ഐ ടി ഹബ്ബായി കോഴിക്കോടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക് ആരംഭിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഡിജിറ്റല്‍ സറ്റേറ്റ് പ്രഖ്യാപനവും കോഴിക്കോട് വെച്ച് നടത്തുന്നത് ഈയൊരു ഉദ്ദേശത്തോടെയാണ്. തിരുവനന്തപുരത്തിന് ശേഷം കൊച്ചിയെ ഐ ടി ഹബ്ബായി മാറ്റിയ പോലെ കോഴിക്കോടിനെയും ഇത്തരത്തില്‍ വളര്‍ത്തി കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
2012 ജനുവരി 20നാണ് സൈബര്‍ പാര്‍ക്കിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കോഴിക്കോട്ടെ ആദ്യത്തെ ഐ ടി പാര്‍ക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ യു എല്‍ സൈബര്‍പാര്‍ക്ക്. മലബാറിലെ ആദ്യത്തെ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ എന്ന പ്രത്യേകതയും സൈബര്‍പാര്‍ക്കിനുണ്ട്. ദേശീയ പാതാ ബൈപ്പാസിലെ നെല്ലിക്കോട് 25.11 ഏക്കര്‍ സ്ഥലത്താണ് 270 കോടി മുതല്‍ മുടക്കില്‍ 10 നിലകളിലായി ക്വിക് സ്‌പേസ് എന്ന സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുക. 3.1 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ട്. രണ്ട് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന സൈബര്‍ പാര്‍ക്കിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ 2011 ജൂണ്‍ 24നാണ് ആരംഭിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 20,000 പേര്‍ക്ക് പ്രത്യക്ഷമായും 80, 000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
600 കോടിയാണ് സൈബര്‍ പാര്‍ക്കിന്റെ ആകെ അടങ്കല്‍ത്തുക. ജപ്പാനിലെ നിക്കന്‍ സെക്കൈ മാസ്റ്റര്‍ പ്ലാനിംഗിലും സി ആര്‍ എന്‍ വാസ്തു ശില്‍പപരമായ കാര്യങ്ങളിലും നേതൃത്വം നല്‍കി നിര്‍മിച്ച സൈബര്‍ പാര്‍ക്ക് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്കുള്ള ലീഡ് ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ ഐ ടി പാര്‍ക്ക് കൂടിയാണ്. വിവര സാങ്കേതിക രംഗത്തെ കമ്പനികള്‍ക്ക് വളര്‍ന്ന് വികസിക്കാനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സൈബര്‍ പാര്‍ക്കില്‍ ലഭ്യമാണ്.
ഒരു ഐ ടി സംരംഭകന് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. വിശാലമായ ഡ്രൈവ് വേകള്‍, മികച്ച രൂപകല്‍പ്പനയോടു കൂടിയ വാക്ക് വേകള്‍, അപ്പാര്‍ട്ട്‌മെന്റുകളുടെ രൂപത്തിലുള്ള താമസ സൗകര്യം, വിനോദത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയും പാര്‍ക്കിന്റെ സവിശേഷതകളാണ്. ഇപ്പോള്‍ ആറ് കമ്പനികളാണ് സൈബര്‍ പാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്.
ക്യൂബെസ്റ്റ്, ഐ പി എസ് ആര്‍, കാവെക്‌സ്, എക്കോഡെക്‌സ് എന്നിവ സൈബര്‍ പാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏപ്രില്‍ മാസം ആദ്യത്തോടെ ആദ്യത്തെ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങാനാകും. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ സൈബര്‍ പാര്‍ക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ ചെറിയ കമ്പനികളെയും നിസാരമാക്കരുത്. അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പല ചെറിയ കമ്പനികളും വലിയ കമ്പനികളായി വളര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ട് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ സൈബര്‍ പാര്‍ക്കില്‍ സംരംഭം കുറിക്കും. സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ പ്രാദേശിക സര്‍വീസ് ആരംഭിക്കാനാകും.
ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരില്ലാത്തതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമായത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സൈബര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്നും മറ്റും കൂടുതല്‍ യാത്രക്കാരുള്ളത് പോലെ കോഴിക്കോട്ടേക്കും യാത്രക്കാരുണ്ടാകും.
ഇത് വിമാനത്താവളത്തിന്റെ വികസനത്തിനും സഹായകരമാകും. വാര്‍ത്താ സമ്മേളനത്തില്‍ ഗവ. സൈബര്‍ പാര്‍ക്ക് സി ഇ ഒ അജിത് കുമാര്‍, യു എല്‍ സൈബര്‍ പാര്‍ക്ക് പി രമേശന്‍, സി ഒ ഒ അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.