ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍: പെന്റഗണ്‍ കോണ്‍ഗ്രസില്‍ പദ്ധതി സമര്‍പ്പിക്കും

Posted on: February 24, 2016 10:23 am | Last updated: February 24, 2016 at 10:23 am

guntanamoവാഷിംഗ്ടണ്‍: ക്യൂബയിലെ ഗ്വാണ്ടനാമൊ ദ്വീപിലുള്ള യു എസ് ജയില്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന് പെന്റഗണ്‍ പദ്ധതി സമര്‍പ്പിച്ചേക്കും. ജയില്‍ അടച്ച് പൂട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രമങ്ങളെ മറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ശക്തമായി എതിര്‍ത്തേക്കും. രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവന്നപ്പോള്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. അടുത്ത ജനുവരിയില്‍ സ്ഥാനമൊഴിയാനിരിക്കെ പ്രഖ്യാപനം നിറവേറ്റാനാണ് ഒബാമ ശ്രമിക്കുന്നത്. ജയില്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭരണകൂടം സമയപരിധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. ജയിലില്‍ ഇപ്പോള്‍ 91 തടവുകാരാണ് ഉള്ളത്. തടവുകാരില്‍ 35 പേരെ അവരുടെ സ്വന്തം രാജ്യത്തേക്കോ അല്ലങ്കില്‍ മൂന്നാമതൊരു രാജ്യത്തേക്കോ അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കിയുള്ളവരെ അമേരിക്കയിലെത്തിച്ച് പരമാവധി സുരക്ഷയൊരുക്കി ഇവിടെ ജയിലിലിടും. എന്നാല്‍ അമേരിക്കയിലേക്ക് ഇവിടെ നിന്നുള്ള തടവുകാരെ കൊണ്ടുവരുന്നത് അമേരിക്കന്‍ കോണ്‍ഗ്രസ് 2011ല്‍ നിരോധിച്ചിരുന്നു. മറ്റൊന്ന് ചെയ്യാനുള്ള സാധ്യത കുറച്ച് തടവുകാരെ രാജ്യത്തിന് പുറത്തേക്കയച്ച് പ്രോസിക്യൂഷനും വിചാരണയും നടത്തുകയെന്നതാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസില്‍ ഭീകരരെ ഭാവിയില്‍ എങ്ങിനെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ചും പദ്ധതി വിശദമാക്കും. തടവുകാരെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനെ റിപ്പബ്ലിക്കന്‍സും ഡമോക്രാറ്റുകളും കോണ്‍ഗ്രസില്‍ ശക്തമായി എതിര്‍ത്തേക്കും. തടവുകാര്‍ പതിറ്റാണ്ടുകളിലധികം വിചാരണകൂടാതെ ഇവിടെ തടവില്‍ കിടക്കുകയാണ്. ക്രൂരമായ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ഗ്വാണ്ടനാമൊ ജയില്‍.