സിറിയയില്‍ റഷ്യയും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തി

Posted on: February 24, 2016 10:17 am | Last updated: February 24, 2016 at 10:17 am
SHARE

putin obamaദമസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കലങ്ങിമറിഞ്ഞ സിറിയയില്‍ സമാധാനം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിലെത്തി. ശനിയാഴ്ച മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. എന്നാല്‍ ഇസില്‍ തീവ്രവാദികളോ അന്നുസ്‌റ ഫ്രണ്ടോ ഈ കരാറില്‍ പങ്കാളികളാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഫോണ്‍ വഴി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന കരാര്‍ പ്രഖ്യാപനം വരുന്നത്. ഉപാധികളോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ വിജയത്തെ ചോദ്യം ചെയ്ത് ഇസ്‌റാഈല്‍ രംഗത്തെത്തി. സിറിയയിലെ ഏത് വെടിനിര്‍ത്തല്‍ കരാറുകളും റഷ്യയെയും ഇറാനെയും സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദിനെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ദമസ്‌കസിനടുത്ത് ഇസില്‍ തീവ്രവാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ രണ്ട് ദിവസത്തിന് ശേഷമാണ് കരാര്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. 150 ഓളം പേര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെ രണ്ടര ലക്ഷത്തിലധികം സിറിയക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അതിന് പുറമെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേര്‍ പലായനത്തിലും ഭവനരഹിതരുമായി ദുരിതത്തിലേക്ക് കൂപ്പുകുത്തി.
വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇത് വിജയത്തിലെത്തുകയാണെങ്കില്‍ നിലവിലെ സംഘര്‍ഷത്തിന് കുറവുണ്ടാകുമെന്നും ഉപരോധത്തില്‍ കഴിയുന്ന നിരവധി മേഖലകളിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ വഴി തുറക്കുമെന്നും കണക്കാക്കപ്പെടുന്നു. അതുപോലെ സിറിയന്‍ ജനതയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പുതിയ സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇത് വലിയ അവസരമാണെന്നും എല്ലാ പാര്‍ട്ടികളും ഇതില്‍ ശ്രദ്ധിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. സിറിയയില്‍ സമാധാനം കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here