സ്വാശ്രയ എന്‍ജി. മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിന് ജയിംസ് കമ്മിറ്റിയുടെ പ്രത്യേക പരീക്ഷ

Posted on: February 24, 2016 9:29 am | Last updated: February 24, 2016 at 9:29 am
SHARE

examതിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് സീറ്റുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിനായി ജസ്റ്റിസ് ജയിംസ് കമ്മിറ്റി മെയ് 25ന് പ്രത്യേക പരീക്ഷ നടത്തും. മാര്‍ച്ച് 13ന് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കും. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനാ (കെ എസ് എഫ് ഇ സി എം എ) ണ് പ്രവേശനപരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതിന്റെയും അപേക്ഷ സ്വീകരിക്കേണ്ടതിന്റെയും ചുമതല.
പ്രഫഷനല്‍ കോഴ്‌സുകളുടെ പ്രവേശന ഫീസ് നിര്‍ണയത്തിനുള്ള മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാവണം വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടത്. പൊതു അറിയിപ്പിനായി ഇത് പത്രങ്ങളിലും പ്രസിദ്ധീകരിക്കണം. അസോസിയേഷന്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം മെയ് 15വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകരുടെ പട്ടിക 16ന് ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. മെയ് 25ന് നടത്തുന്ന പരീക്ഷയുടെ ഉത്തരസൂചിക ജയിംസ് കമ്മിറ്റിയായിരിക്കും പ്രസിദ്ധീകരിക്കുക. ജൂണ്‍ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക അസോസിയേഷന് കൈമാറും. അതില്‍നിന്ന് അവര്‍ക്ക് അലോട്ട്‌മെന്റ് നടത്താം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തുമെന്ന് ജസ്റ്റിസ് ജെയിംസ് അറിയിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തായിരിക്കും പ്രവേശന നടപടികള്‍. എ ഐ സി ടി ഇ മാനദണ്ഡം അനുസരിച്ച് നിലവിലെ പ്രവേശ പരീക്ഷകളുടെ മാതൃകയില്‍ തന്നെയായിരിക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശ പരീക്ഷയും നടത്തുക. സംസ്ഥാന പ്രവേശ പരീക്ഷാ കമീഷണര്‍ നടത്തുന്ന പരീക്ഷയില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ചേര്‍ക്കാതെയുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശം നല്‍കുന്ന രീതി അവസാനിപ്പിക്കാനും ജെയിംസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്തണമെന്ന കെ എസ് എഫ് ഇ സി എം എയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് പ്രത്യേക പരീക്ഷ നടത്താന്‍ ജെയിംസ് കമ്മിറ്റി സന്നദ്ധത അറിയിച്ചത്. കെ എസ് എഫ് ഇ സി എം എ ക്ക് കീഴില്‍ 104 എന്‍ജിനീയറിങ് കോളജുകളാണുള്ളത്.