ബഗാനും ബെംഗളൂരുവും ഇന്നിറങ്ങുന്നു

Posted on: February 24, 2016 6:00 am | Last updated: February 24, 2016 at 1:03 am

ഗുവാഹത്തി: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടിയേറ്റ കൊല്‍ക്കത്തന്‍ കരുത്തര്‍ മോഹന്‍ ബഗാന്‍ എ എഫ് സി കപ്പില്‍ ഭാഗ്യം തേടിയിറങ്ങുന്നു. ഗ്രൂപ്പ് ജിയിലെ ആദ്യ റൗണ്ടില്‍ മാലദ്വീപിന്റെ മസിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബാണ് ബഗാന്റെ എതിരാളി.
ഐ ലീഗ് റണ്ണേഴ്‌സപ്പായ ബെംഗളുരു എഫ് സി ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ലാവോ ടൊയോട്ട എഫ് സിയെയും നേരിടും. ഇന്നത്തെ കളി ബഗാന് ഹോംഗ്രൗണ്ട് മത്സരമാണ്. കൊല്‍ക്കത്തയിലെ സ്വന്തം തട്ടകമായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടതിനാല്‍ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിലാണ് ബഗാന്‍ സന്ദര്‍ശക ടീമിനെ നേരിടുക.
അടുത്ത വര്‍ഷം അണ്ടര്‍ 17 ലോകകപ്പ് വേദിയാണ് സാള്‍ട്ട്‌ലേക്ക്.
എ എഫ് സി കപ്പില്‍ അടുത്ത മാസം നടക്കുന്ന ബഗാന്റെ ഹോം മത്സരങ്ങളും ഗുവാഹത്തിയിലാണ് നടക്കുക.
ഏഷ്യന്‍ ഫുട്‌ബോളില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ രണ്ടാമത്തെ പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ് എ എഫ് സി കപ്പ്.
ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷാന്‍ഡോംഗ് ലുനെംഗിനോട് 6-0ന് തോറ്റതോടെയാണ് ബഗാന്‍ എ എഫ് സി കപ്പിലേക്ക് തരംതാഴ്ന്നത്. ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ഫോമില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബഗാന്‍ എ എഫ് സി കപ്പില്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നു.
ബഗാനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ പരീക്ഷണ വേദിയാണ് എ എഫ് സി കപ്പ്. കഴിഞ്ഞ വര്‍ഷം ഐ ലീഗ് ചാമ്പ്യന്‍മാരായ ടീമിന് ഏറെ തെളിയിക്കാനുണ്ട് – സ്‌ട്രൈക്കര്‍ സോണി നോര്‍ദെ പറഞ്ഞു.
ഈസ്റ്റ്ബംഗാളുമായുള്ള ഡെര്‍ബി ജയിക്കുന്നതിനേക്കാള്‍ പ്രധാനമാണ് എ എഫ് സി കപ്പ് ജയം. ഡെര്‍ബിയോട് ക്ലബ്ബ് അനുകൂലികള്‍ക്ക് വൈകാരികമായ അടുപ്പവും താത്പര്യവും വര്‍ധിക്കും. അതേസമയം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം പരമോന്നത നേട്ടം വന്‍കരാ ചാമ്പ്യന്‍ഷിപ്പ് തന്നെയാണ്- നോര്‍ദെ പറഞ്ഞു.
മാസിയ സ്‌പോര്‍സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് മാലദ്വീപിലെ മികച്ച ടീമാണ്. രണ്ട് തവണ മാലദ്വീപ് എഫ് എ കപ്പ് ജേതാക്കളായ മാസിയ കഴിഞ്ഞ വര്‍ഷം മാലദ്വീപിയന്‍ എഫ് എ ചാരിറ്റി ഷീല്‍ഡും സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എ എഫ് സി കപ്പ് കളിക്കുന്നവരാണ് മാസിയ. ഒരിക്കല്‍ പോലും ഗ്രൂപ്പ് റൗണ്ട് കടന്നിട്ടില്ല.
ഇന്ത്യയില്‍ കളിക്കാനെത്തിയപ്പോള്‍ മാസിയക്ക് നല്ല അനുഭവമല്ലായിരുന്നു. ബെംഗളുരു എഫ് സിയോട് 2-1ന് പരാജയപ്പെട്ടു.