Connect with us

Sports

ക്രിക്കറ്റില്‍ ഇനി ഏഷ്യന്‍ പോര്‌

Published

|

Last Updated

മിര്‍പുര്‍: പതിമൂന്നാമത് ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് ബംഗ്ലാദേശിലെ മിര്‍പുരില്‍ തുടക്കം. ആതിഥേയരായ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, യു എ ഇ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇതുവരെയുള്ള ചാമ്പ്യന്‍ഷിപ്പെല്ലാം ഏകദിന ഫോര്‍മാറ്റിലായിരുന്നു. ഇത്തവണ, ട്വന്റി20 ഫോര്‍മാറ്റിലാണ് നടക്കുക.
ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ ഇന്ത്യ നേരിടും.
അടുത്ത മാസം നടക്കാനിരിക്കുന്ന ഐ സി സി ട്വന്റി ട്വന്റി ലോകകപ്പിനുള്ള ഒരുക്കം കൂടിയാകും ഏഷ്യന്‍ ടീമുകള്‍ക്ക് ഈ ടൂര്‍ണമെന്റ്.
ഇരുപതോവര്‍ ക്രിക്കറ്റിലെ സമീപകാല ഫോം തുടരുവാനാണ് ധോണിയും സംഘവും അയല്‍രാജ്യത്ത് എത്തിയിരിക്കുന്നത്.
മിര്‍പുരില്‍ മികച്ച റെക്കോര്‍ഡുള്ളതാണ് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം. ഇവിടെ കളിച്ച പത്തൊമ്പത് മത്സരങ്ങളില്‍ പതിനാലിലും ബംഗ്ലാദേശ് ജയിച്ചിട്ടുണ്ട്. അതേ സമയം അഞ്ച് തോല്‍വികളില്‍ മൂന്നും ട്വന്റി ട്വന്റി ഫോര്‍മാറ്റിലാണെന്നത് ബംഗ്ലാദേശിന് തിരിച്ചടിയാണ്. കുല്‍നയിലും ചിറ്റഗോംഗിലും ദീര്‍ഘമായ ക്യാമ്പില്‍ പങ്കെടുത്തതിന് ശേഷമാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ കളിക്കാനിറങ്ങുന്നത്. ചണ്ഡിക ഹതുരുസിംഗയാണ് കോച്ച്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടി20 ഫോര്‍മാറ്റ് അത്ര ദുഷ്‌കരമല്ല. ഐ പി എല്‍ നല്‍കുന്ന പരിചയ സമ്പത്ത് വളരെ വലുതാണെന്ന് ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെ സമീപകാലത്ത് ഇന്ത്യ തെളിയിച്ചു കഴിഞ്ഞു.
വിരാട് കോഹ്‌ലി ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ ടീമിലുണ്ടെങ്കിലും പഴയ പടക്കുതിര എന്ന നിലയില്‍ യുവരാജ് സിംഗിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സമീപകാലത്ത് ടീമില്‍ തിരിച്ചെത്തിയ യുവരാജ് മികച്ച ഫോമിലാണെന്ന സൂചന നല്‍കിയാണ് ഏഷ്യാ കപ്പ്, ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്.
കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ യുവരാജിന് പഴയ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാന്‍ പ്രയാസമുണ്ടാകില്ല. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി യുവിക്ക് കാര്യമായ അവസരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, യുവരാജിന് കൂടുതല്‍ അവസരം നല്‍കുവാന്‍ താന്‍ ബദ്ധശ്രദ്ധനായിരിക്കുമെന്നാണ് ധോണി പറയുന്നത്. ഏഷ്യാ കപ്പില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പരുക്കേറ്റതിനാല്‍ ഇന്ന് ധോണി കളിക്കുന്ന കാര്യം സംശയമാണ്. കോഹ്‌ലി നയിക്കുന്ന ടീമില്‍ പാര്‍ഥീവ് പട്ടേല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.
ടീം അംഗങ്ങള്‍…
ബംഗ്ലാദേശ് ടീം : മശ്‌റഫെ മൊര്‍തസ(ക്യാപ്റ്റന്‍), ഷാകിബ് അല്‍ഹസന്‍, ഇമ്രുല്‍ ഖയസ്, മുഹമ്മദ് മിഥുന്‍, മഹ്മൂദുല്ല, മുശ്ഫീഖുര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, സാബിര്‍ റഹ്മാന്‍, നാസിര്‍ ഹുസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍, അല്‍ അമിന്‍ ഹുസൈന്‍, താസ്‌കിന്‍ അഹമ്മദ്, അറാഫത് സണ്ണി, അബു ഹൈദര്‍, നുറുല്‍ ഹസന്‍.

ഇന്ത്യന്‍ ടീം : എം എസ് ധോണി(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, യുവരാജ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്‌റ, രവിചന്ദ്രന്‍ അശ്വിന്‍, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്‌റ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, പവന്‍ നെഗി.

പാക്കിസ്ഥാന്‍ ടീം: ഷാഹിദ് അഫ്രീദി(ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, അന്‍വര്‍ അലി, ഇഫ്തീഖര്‍ അഹമ്മദ്, ഖുറം മന്‍സൂര്‍, വഹാബ് റിയാസ്, ശുഐബ് മാലിക്ക്, റുമാന്‍ റഈസ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ആമിര്‍, ഇമാദ് വസീം, ബാബര്‍ അസം, മുഹമ്മദ് നവാസ്, സര്‍ഫ്രാസ് അഹമ്മദ്, ഉമര്‍ അക്മല്‍.

ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ(ക്യാപ്റ്റന്‍), ഏഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ഡിമാല്‍, തിലകരത്‌നെ ദില്‍ഷന്‍, നിരോഷന്‍ ഡിക്‌വെല, ഷേഹാന്‍ ജയസൂര്യ, മിലിന്ദ സിരിവര്‍ദന, ദാസുന്‍ ഷനാക, ചമര കപുഗെദര, നുവാന്‍ കുലശേഖര, ദുശ്മന്ത ചമീര, തിസര പെരേര, സചിത്ര സേനനായകെ, രംഗന ഹെറാത്, ജെഫ്രി വാന്‍ഡെര്‍സെ.

യു എ ഇ ടീം : അംജദ് ജാവേദ്(ക്യാപ്റ്റന്‍), ഫര്‍ഹാന്‍ അഹമ്മദ്, മുഹമ്മദ് നവീദ്, അഹമ്മദ് റാസ, ഫഹദ് താരിഖ്, മുഹമ്മദ് ഷഹ്‌സാദ്, മുഹമ്മദ് ഉസ്മാന്‍, മുഹമ്മദ് ഖലീം, ഖദീര്‍ അഹമ്മദ്, സ്വപ്‌നില്‍ പാട്ടീല്‍, രോഹന്‍ മുസ്തഫ, സഖ്‌ലെയ്ന്‍ ഹൈദര്‍, ഷെയ്മാന്‍ അന്‍വര്‍, ഉസ്മാന്‍ മുഷ്താഖ്, സഹീര്‍ മഖ്‌സൂദ്.

Latest