ഇവര്‍ ടി20 ലോകകപ്പിന്റെ സ്ഥിരം മുഖങ്ങള്‍

Posted on: February 24, 2016 6:00 am | Last updated: February 24, 2016 at 12:57 am
SHARE

ICC-T20-World-Cup-2016മിര്‍പുര്‍: ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മ, യുവരാജ് സിംഗ് എന്നിവരുള്‍പ്പടെ പത്തൊമ്പത് കളിക്കാരാണ് ഐ സി സി ട്വന്റി ട്വന്റി ലോകകപ്പില്‍ തുടരെ ആറാം തവണയും കളിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ അടുത്ത മാസം ആരംഭിക്കുന്ന ആറാം എഡിഷന്‍ പലരുടെയും അവസാന ടി20 ചാമ്പ്യന്‍ഷിപ്പായിരിക്കും.
സമാന്തരമായി തന്നെ നടക്കുന്ന വനിതാ ട്വന്റിട്വന്റി ലോകകപ്പിലും ഇത്തരം തുടര്‍ച്ചക്കാരുണ്ട്. പുരുഷ താരങ്ങളേക്കാള്‍ കൂടുതലാണ് എണ്ണം. ഇരുപത്തൊമ്പത് വനിതാ താരങ്ങളാണ് തുടരെ അഞ്ചാം ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നത്.
ഇന്ത്യയുടെ മിഥാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ച് ലോകകപ്പിലും കളിച്ചവരെ ഉള്‍പ്പെടുത്തുന്നതില്‍ ബംഗ്ലാദേശാണ് മുന്നില്‍.
അഞ്ച് പേരാണ് തുടരെ ആറാം ലോകകപ്പിനുള്ള ടീമിലുള്‍പ്പെട്ടത്. മശ്‌റഫെ ബിന്‍ മൊര്‍തസ, ഷാകിബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍, മഹ്മൂദുല്ല, മുശ്ഫീഖുര്‍ റഹീം എന്നിവര്‍. മൂന്ന് കളിക്കാരുമായി ഇന്ത്യയും വെസ്റ്റിന്‍ഡീസും രണ്ടാംസ്ഥാനത്ത്. ഡ്വെയിന്‍ ബ്രാവോ, ക്രിസ് ഗെയില്‍, ദിനേശ് രാംദിന്‍ എന്നീ വിന്‍ഡീസ് കളിക്കാരാണ് ഇതുവരെയുള്ള എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ചത്.
ന്യൂസിലാന്‍ഡിന്റെ നഥാന്‍ മക്കെല്ലം, റോസ് ടെയ്‌ലര്‍, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സ്, ജെ പി ഡൂമിനി, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, ലസിത് മലിംഗ, പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി, ആസ്‌ത്രേലിയയുടെ ഷെയിന്‍ വാട്‌സന്‍ എന്നിവരും തുടര്‍ച്ചയായി ആറാം ട്വന്റിട്വന്റി ലോകകപ്പ് കളിക്കാനെത്തും.
2009 ലാണ് വനിതാ ട്വന്റിട്വന്റി ലോകകപ്പ് ആരംഭിച്ചത്. ഇതുവരെയുള്ള നാല് ലോകകപ്പുകളിലും കളിച്ച ആറ് പേരുമായാണ് വിന്‍ഡീസ് ഇത്തവണയും ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്നത്.
പാക്കിസ്ഥാന്‍ നിരയില്‍ അഞ്ച് പേരും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നാല് പേരും തുടര്‍ച്ചയുടെ ഭാഗമാണ്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ മൂന്ന് പേരാണ് എല്ലാ ലോകകപ്പും കളിച്ചതിന്റെ പരിചയ സമ്പന്നതയുമായി വരുന്നത്.