സുധാകരനെതിരെ എസ് എഫ് ഐ നീക്കത്തില്‍ ഉന്നതരെന്ന് കണ്ടെത്തല്‍

Posted on: February 24, 2016 12:55 am | Last updated: February 24, 2016 at 12:55 am
SHARE

G-Sudhakaran1ആലപ്പുഴ: സി പിഎം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എം എല്‍ എക്കെതിരെ ഒരു വിഭാഗം എസ് എഫ് ഐക്കാര്‍ നടത്തിയ നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്ന് അന്വേഷണ കമ്മീഷന്‍. ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ചതായറിയുന്നു.
സി പി എം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ സി ബി ചന്ദ്രബാബു, ജില്ലാ കമ്മിറ്റിയംഗം പി പി ചിത്തരഞ്ജന്‍, മുന്‍ ആലപ്പുഴ ഏരിയാ സെക്രട്ടറി കെ സോമന്‍ എന്നിവരാണ് സുധാകരനെതിരെ എസ് എഫ് ഐയെ രംഗത്തിറക്കിയതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നേതാക്കളോടും വിശദീകരണം തേടാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മൂവരും തോമസ് ഐസക് പക്ഷക്കാരാണ്. എസ് ഡി കോളജിലെ ചില വിഷയങ്ങളുടെ പേരില്‍ എസ ്എഫ് ഐ നേതാക്കള്‍ ജി സുധാകരന്‍ എം എല്‍ എയുടെ ഭാര്യക്കെതിരെയും രംഗത്തെത്തിയിരുന്നു. ഇവിടുത്തെ വനിതാ ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയാണ് സുധാകരന്റെ ഭാര്യ.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടി മുതിര്‍ന്ന നേതാവിനെതിരെ രംഗത്തെത്തിയതിന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരെ ശാസിച്ചിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്ന് സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ആലപ്പുഴ ഏരിയ കമ്മിറ്റി രണ്ടായി വിഭജിക്കാനും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി. നേരത്തെ മത്സരിച്ച് പരാജയപ്പെട്ടവരുള്‍പ്പെടെ പതിനെട്ടുപേരെ പുതിയതായി രൂപവത്കരിക്കുന്ന കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താനും ധാരണയായി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായവും പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here