കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

Posted on: February 24, 2016 5:51 am | Last updated: February 24, 2016 at 12:52 am
SHARE

ബെംഗളൂരു: കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് മുന്നേറ്റം. മുപ്പത് ജില്ലാ പഞ്ചായത്തുകളിലേക്കും 175 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. പത്ത് ജില്ലാ പഞ്ചായത്തുകള്‍ കോണ്‍ഗ്രസും ഏഴെണ്ണം ബി ജെ പിയും നേടി. എച്ച് ഡി ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലര്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. പതിനൊന്ന് ജില്ലാ പഞ്ചായത്തുകളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി പന്ത്രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ അധികാരത്തിലെത്തിയിരുന്നു. കോണ്‍ഗ്രസും ജെ ഡി എസും നാലിടത്താണ് കഴിഞ്ഞ തവണ വിജയിച്ചത്. ആകെയുള്ള 1083 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് 498ഉം ബി ജെ പി 408ഉം നേടി. ജെ ഡി എസ് 148ഉം മറ്റുള്ളവര്‍ 29ഉം സീറ്റ് നേടി. 56 താലൂക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ബി ജെ പിയും വിജയിച്ചു. 3884 താലൂക്ക് പഞ്ചായത്ത് സീറ്റുകളില്‍ 1708 സീറ്റുകളില്‍ കോണ്‍ഗ്രസും 1365 സീറ്റുകളില്‍ ബി ജെ പിയും വിജയിച്ചു. ജെ ഡി എസ് 616ഉം മറ്റുള്ളവര്‍ 195ഉം സീറ്റ് നേടി.
ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തദ്ദേശ വിഷയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.