കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഒരുങ്ങുന്നു

Posted on: February 24, 2016 6:00 am | Last updated: February 24, 2016 at 12:48 am

kochi inter national airportനെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്രാവിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഒരുങ്ങുന്നു. ടെര്‍മിനല്‍ ത്രീ അഥവാ ടി-3 എന്ന് പേരിട്ടിട്ടുള്ള പുതിയ ടെര്‍മിനല്‍ 26 ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ വളര്‍ച്ചയില്‍ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള രാജ്യാന്തര ടെര്‍മിനല്‍ ഒരുങ്ങുന്നത്. പുതിയ ടെര്‍മിനലില്‍ കമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ നിലവിലെ രാജ്യാന്തര ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തര ടെര്‍മിനലായി മാറും.
നിലവില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ടെര്‍മിനലിന് അതോടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. 2014 ഫെബ്രുവരി ഒന്നിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതിയ ടെര്‍മിനലിന് തറക്കല്ലിട്ടത്. വെറും 24 മാസം കൊണ്ട് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ടെര്‍മിനലിന്റെ നിര്‍മാണം റിക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. സിയാലിന്റെ ആദ്യ ടെര്‍മിനലിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ച കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌ക്കോയാണ് പുതിയ ടെര്‍മിനലിന്റെയും കണ്‍സള്‍ട്ടന്റ്. മൊത്തം ആയിരം കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ടെര്‍മിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഫ്‌ളൈ ഓവറിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് നിലകളിലായാണ് പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനം.
മൂന്നാം നിലയിലാണ് ഡിപ്പാര്‍ച്ചര്‍. ഫ്‌ളൈ ഓവറിലൂടെ വാഹനങ്ങള്‍ക്ക് നേരിട്ട് ഡിപ്പാര്‍ച്ചര്‍ കെര്‍ബിലെത്താം. ഇവിടെ ചെക്ക്-ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എയ്‌റോബ്രിഡ്ജിലൂടെ വിമാനത്തില്‍ കയറാം. രണ്ടാം നില എയ്‌റോ ബ്രിഡ്ജ് കണക്ടിവിറ്റിയ്ക്കുള്ളതാണ്. അറൈവല്‍ യാത്രക്കാര്‍ വിമാനമിറങ്ങി ഗ്രൗണ്ട് ഫ്‌ളോറിലെത്തും. കസ്റ്റംസ് ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇവിടെയാണ്. നടപടികള്‍ പൂര്‍ത്തിയായാല്‍ വാക്ക്-ത്രൂ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ കടന്ന് പുറത്തിറങ്ങാനാകും. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വാക്-ത്രൂ ഡ്യൂട്ടി ഫ്രീയാണ് യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്രവിമാനത്താവള കമ്പനി ഒരുക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 74.16 ലക്ഷം പേര്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 61.045 ലക്ഷമായിരുന്നു. അതായത് 21.48 ശതമാനം വര്‍ധനവ്. 24 വിമാനക്കമ്പനികളാണ് കൊച്ചിയില്‍ സര്‍വീസ് നടത്തുന്നത്. 56196 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റുകള്‍ക്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ സാക്ഷ്യം വഹിച്ചു. ഇക്കാര്യത്തില്‍ എട്ടുശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. യാത്രക്കാരുടേയും വിമാനസര്‍വീസുകളുടേയും എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധനയാണ് പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്. വ്യോമഗതാഗതത്തില്‍ ലോകത്തില്‍ ഏറ്റവുമധികം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാംസ്ഥാനും കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിനുണ്ട്. നിലവില്‍ കെട്ടിട സമുച്ചയമാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുമ്പോള്‍ ഏത് വന്‍കിട എയര്‍പോര്‍ട്ടിനോടും കിടപിടിക്കാവുന്ന സൗകര്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. ടെര്‍മിനല്‍ കെട്ടിടത്തിലേയ്ക്ക് എയ്‌റോബ്രിഡ്ജുകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ ഇത് പൂര്‍ത്തിയാകും. മെയ് 25 ന് ടെര്‍മിനല്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന് സമ്പൂര്‍ണ സജ്ജമാകും.പുതിയ ടെര്‍മിനലും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ 1500 കോടിയോളം രൂപയുടെ പ്രോജക്ടുകളാണ് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഒരുങ്ങുന്നത്.