Connect with us

Ongoing News

ജെഎന്‍യു: ഉമര്‍ ഖാലിദും, അനിര്‍ബെന്‍ ഭട്ടാചാര്യയും,അശുതോഷും പോലീസിന് മുന്നില്‍ കീഴടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ഥികള്‍ പോലീസ് മുമ്പാകെ കീഴടങ്ങി. ഇന്നലെ രാത്രി 11.45 ഉമര്‍ ഖാലിദും അനിര്‍ബന്‍ പട്ടേലും,അശുതോഷും ക്യാമ്പസിന് പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. നേരത്തെ വിദ്യാര്‍ഥികളോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ ഹരജിയും ക്യാമ്പസില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയും തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദ് ഉള്‍പ്പെടെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് വിദ്യാര്‍ഥികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കീഴടങ്ങാന്‍ സന്നദ്ധമാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം.
കീഴടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും സമയവും എഴുതിനല്‍കാന്‍ വിദ്യാര്‍ഥികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സമയവും സന്ദര്‍ഭവും മുന്‍കൂട്ടി നല്‍കിയാണ് വിദ്യാര്‍ഥികള്‍ കീഴടങ്ങിയത്. കീഴടങ്ങാന്‍ സന്നദ്ധമാണെന്നും സംരക്ഷണം നല്‍കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജിയില്‍ ഇന്നും വാദം തുടരും. കന്‍ഹയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ സംഘ്പരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെ ഉയര്‍ന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ സംരക്ഷണം ആവശ്യപ്പെട്ടത്.
ഇതിനിടെ ജെ എന്‍ യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടിനല്‍കണമെന്ന് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. അടുത്ത മാസം മൂന്ന് വരെ സമയം നീട്ടിനല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest