നിഷ ബെന്നിക്ക് മികച്ച ക്ഷീര കര്‍ഷക സഹകാരി അവാര്‍ഡ്

Posted on: February 24, 2016 5:00 am | Last updated: February 24, 2016 at 12:01 am

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് നല്‍കുന്ന ക്ഷീര സഹകാരി അവാര്‍ഡിന് ഇടുക്കി സ്വദേശി നിഷ ബെന്നി കാവനാല്‍ അര്‍ഹയായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹകരണ സംഘത്തിലേക്ക് ഏറ്റവും കൂടുതല്‍ പാല്‍ നല്‍കിയ ക്ഷീരകര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് വിപി സജീന്ദ്രന്‍ എം എല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മേഖലയിലെ മികച്ച കര്‍ഷകനായി വിജയകുമാര്‍, എറണാകുളം മേഖലയില്‍ ജോളി ജോര്‍ജ്, മലബാര്‍ മേഖലയില്‍ എംകെ ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു. മികച്ച വനിത കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം എസ് ബിനിത, ലക്ഷ്മി മേനോന്‍, ലില്ലി മാത്യു എന്നിവരും പിന്നോക്ക വിഭാഗത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം കെ പ്രിയ, എഫ്ആര്‍ സരീഷ്, എം അജിത എന്നിവരും സ്വന്തമാക്കി. 50,000 രൂപയാണ് പുരസ്‌കാരത്തുക. നാളെ എറണാകുളത്ത് കൊലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടക്കുന്ന ക്ഷീര സംഗമത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. രണ്ട് ദിവസം നടക്കുന്ന സംഗമം മന്ത്രി കെസി ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ബാബു അധ്യക്ഷനായിരിക്കും. മന്ത്രിമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, പിജെ ജോസഫ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ക്ഷീര സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ഡയറി എക്‌സ്‌പോയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ഓളം പേര്‍ പങ്കെടുക്കും. ക്ഷീര വികസന വകുപ്പ് ഡയറക്റ്റര്‍ കെടി സരോജിനി, ജോര്‍ജ്കുട്ടി ജേക്കബ്, വി എം ജോര്‍ജ്, പി ടി ശ്രീവത്സന്‍, ബിനീഷ് കുഞ്ഞാട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.