Connect with us

Editorial

മുസഫര്‍ നഗര്‍ കേസുകളില്‍ അട്ടിമറി

Published

|

Last Updated

മുംബൈ കലാപക്കേസിലും ഗുജറാത്ത് വംശഹത്യാ കേസിലുമെന്ന പോലെ മുസഫര്‍ കലാപക്കേസിലും നീതി കടംകഥയാകുമോ? മുംബൈ കലാപക്കേസില്‍ നീതി വഴിമാറിയാണ് സഞ്ചരിച്ചതെന്ന് കേസ് അന്വേഷിച്ച ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ കഴിഞ്ഞ ആഗസ്റ്റില്‍ തുറന്നു പറഞ്ഞതാണ്. ബാബരി ധ്വംസനത്തിന്റെ തുടര്‍ച്ചയായി 1992 ഡിസംബര്‍ ആറ് മുതല്‍ 10 വരെയും 1993 ജനുവരി ആറ് മുതല്‍ 20 വരെയുമാണ് മുംബൈ നഗരത്തില്‍ വ്യാപകമായി കലാപം അരങ്ങറിയത്. സംഭവത്തില്‍ 900ലേറെ പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് മുംബൈ സ്‌ഫോടനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന യാക്കൂബ് മേമനെ ഇതിനിടെ തൂക്കിലേറ്റി. എന്നാല്‍ മുംബൈ ലഹളയുടെ മുഖ്യആസൂത്രകനെന്ന് ശീകൃഷ്ണ കമ്മീഷന്‍ വിധിയെഴുതിയ ബാല്‍ താക്കറെ ഒരു സാധാരണ പൊലീസുകാരന്റെ പോലും ചോദ്യം ചെയ്യലിനോ കോടതി വിചാരണക്കോ വിധേയനാകാതെ സൈര്യമായി വിഹരിക്കുകയും സ്വാഭാവികമായി മരണം വരിക്കുകയുമാണുണ്ടായത്.
മുസഫര്‍ നഗറില്‍ 17കാരനെ കൊന്ന കേസില്‍ 10 പ്രതികളെ ജനുവരി അവസാന വാരം മുസഫര്‍നഗര്‍ കോടതി വെറുതെവിട്ടതിന് പിറകെ കലാപത്തിനിടെ 30കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ ആറ് പ്രതികളെയും കഴിഞ്ഞയാഴ്ച വെറുതെവിടാനിടയാക്കിയത് കേസ് അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കലാപത്തിനിടെ നടന്ന കൊള്ള, കൊല, തീവെപ്പ്, വധശ്രമം തുടങ്ങിയവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 510 കേസുകളില്‍ 50 ഓളം കേസുകളിലെ പ്രതികളെ വിവിധ കോടതികള്‍ ഇതിനകം വെറുതെവിട്ടു. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം നല്‍കി സ്വാധീനിച്ചും കൂറുമാറ്റിയതാണ് കേസുകള്‍ക്ക് ഈ ഗതി വരാന്‍ കാരണം. 17കാരന്‍ വധിക്കപ്പെട്ട കേസില്‍ മുഖ്യസാക്ഷി കൂറുമാറി. തുടര്‍ന്നായിരുന്നു കോടതി ഒമ്പത് പ്രതികളെയും വെറുതെവിട്ടത്. ബലാത്സംഗക്കേസിലും സാക്ഷിയായ യുവതി കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റുകയായിരുന്നു. മൊഴിമാറ്റിയില്ലെങ്കില്‍ മകനെ കൊല്ലുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് താന്‍ മാറ്റിപ്പറഞ്ഞതെന്ന് ഇവര്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. കലാപത്തിനിടെ സഹോദരിയെ കൂട്ടമാനഭംഗം നടത്തിയതിന് ദൃക്‌സാക്ഷിയായ യുവാവ് അടുത്തിടെ വെടിയേറ്റു മരിച്ചതും ചേര്‍ത്തുവായിക്കേണ്ടതാണ്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതാണ്. പ്രതികളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും ഏതു മാര്‍ഗമുപയോഗിച്ചും തങ്ങളെ രക്ഷപ്പെടുത്തുമെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യപ്പെടുന്നത്. ഉന്നത തലങ്ങളിലുള്ളവരും ബഹുഭൂരിഭാഗവും ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായതിനാല്‍ പ്രതികള്‍ക്ക് അവരുടെ സഹായവും ലഭ്യമാകുന്നു. ഈ കലാപത്തിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാറും തിരശ്ശീലക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ യു പിയിലെ ബി ജെ പിക്കാരനായ എം എല്‍ എ സംഗീത് സോമിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയായിരുന്നല്ലോ കേന്ദ്രം അദ്ദേഹത്തെ സഹായിച്ചത്. കലാപത്തിന് വഴിമരുന്നിട്ട വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ ഇയാള്‍ക്ക് മുഖ്യപങ്കുണ്ടായിരുന്നു. അയാളുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ കലാപം ആളിക്കത്തിക്കാനുമിടയാക്കി.
കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇരകള്‍ ന്യൂനപക്ഷങ്ങളാണെങ്കില്‍ ഇവിടെയും ഭരണം കൈയാളുന്നവരും രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുകളിച്ചു കേസിന് തുമ്പില്ലാതാക്കുകയാണ് പതിവ്. മറിച്ചാണെങ്കില്‍ നിയമം മുന്നോട്ടു പോകുകയും ചെയ്യും. 2001ല്‍ നാദാപുരത്ത് അരങ്ങേറിയ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യം ഒരു ഉദാഹരണം. സി പി എം – ലീഗ് സംഘര്‍ഷവുമായിബന്ധപ്പെട്ട് ഒരു വിഭാഗം അന്ന് നാദാപുരത്ത് 100ഓളം വീടുകളും 75ഓളം കടകളും കൊള്ളയിടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് അന്ന് നാദാപുരത്ത് 240 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസുകള്‍ കൂടിയത് കാരണം ആ ഘട്ടത്തില്‍ വളയത്ത് പുതിയ പോലീസ് സ്റ്റേഷന്‍ തന്നെ സ്ഥാപിച്ചു. എന്നാല്‍ പിന്നീട് നടന്ന ഒത്തുകളിയില്‍ പ്രതികള്‍ക്ക് അനുകൂലമായും പ്രൊസിക്യൂഷന് എതിരായും സാക്ഷി പറയിച്ചു പ്രസ്തുത കേസുകള്‍ക്ക് തുമ്പില്ലാതാക്കുകയായിരുന്നു. സി പി എമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രമുഖ നേതാക്കള്‍ കോടതിക്ക് പുറത്തുനടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ വഴിത്തിരിവുണ്ടായത്. പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഇതുവഴി നേട്ടങ്ങളുണ്ടായപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ചത് നാമമാത്ര നഷ്ടപരിഹാരമായിരുന്നു. ഈ കേസിലെ പ്രതികള്‍ തന്നെയാണ് നാദാപുരത്ത് പിന്നീടുണ്ടായ കലാപങ്ങളിലും അഴിഞ്ഞാടിയതെന്നത് ഈ ഒത്തുകളിയുടെ ദുരന്ത ഫലമായിരുന്നു.
മതന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ഒരു നീതിയും അല്ലാത്തവര്‍ക്ക് മറ്റൊരു നീതിയുമെന്നതാണ് പൊതുവെ അവസ്ഥ. സ്ഥിതി സമത്വവും തുല്യനീതിയും ഏട്ടിലെ പശുവായി അവശേഷിക്കുകയാണ്.

Latest