Connect with us

Articles

ഇനി പോക്കുവരവും നീക്കുപോക്കും

Published

|

Last Updated

ആശ്വാസം. യാത്ര കഴിഞ്ഞു. ഒറ്റക്കൊറ്റക്കായിരുന്നു യാത്രകള്‍. പറയേണ്ടതെല്ലാം പറഞ്ഞു. എല്ലാ മണ്ഡലവും കണ്ടു. ഇനി ഇത്തരമൊരു യാത്രക്ക് അഞ്ച് കൊല്ലം കഴിയേണ്ടിവരും. യാത്ര കഴിഞ്ഞല്ലോ. ഇനി തിരഞ്ഞെടുപ്പാണ്. ഒറ്റക്ക് പറ്റില്ല. ഇത്തിരി പേടിയുണ്ടെന്ന് കൂട്ടിക്കോളൂ. സീറ്റിന്റെ കാര്യമാണ്. കാണുന്നവരെ കൂട്ടുക, കൂട്ടുകാരാക്കുക. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മതി. പിന്നെ എന്തായാലെന്താ?
പണ്ടത്തെ പോലെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇന്നില്ല. ആരുമായുമാകാം ബാന്ധവം. കസേരക്കായുള്ള ആശ മാത്രം. ആശയം തത്കാലം ആമാശയത്തില്‍ മാത്രം ! സംഘ്പരിവാറാണ് ആദ്യം തന്നെ ആളെ കൂട്ടാന്‍ തുടങ്ങിയത്. വെള്ളാപ്പള്ളിയെ സംഘത്തിലാക്കാനാണ് ഉന്നമിട്ടത്. പറയേണ്ട താമസം വെള്ളാപ്പള്ളി യാത്ര തുടങ്ങി. അവസാനം പാര്‍ട്ടിയായി. ധര്‍മസേനയായി. കൂട്ടുകൂടാം. പക്ഷേ, ചെറിയ പിണക്കം. അണികളില്ലെന്ന്. വെള്ളാപ്പള്ളിക്ക് മതിയായി. എന്നാല്‍ നീക്കുപോക്ക് ആയിക്കൂടേ എന്നാണ് ചോദ്യം. നിങ്ങളെങ്കിലും ഉഷാറാക് തുഷാറേ… തിരഞ്ഞെടുപ്പിങ്ങെത്തി.
അപ്പോള്‍ മാണിയുടെ കാര്യമോ? മാണിയെങ്കില്‍ മാണി. കോണി ഇട്ടു കൊടുക്കാം. കയറട്ടെ. മാണി കയറുമോ? കോണി വെച്ച സംഘം കാത്തിരിക്കുകയാണ്. മുമ്പാണെങ്കില്‍ മാണി സാറേ, ബാറേ എന്നായിരുന്നു. മാര്‍ച്ചും ധര്‍ണയും വേണ്ടുവോളം നടത്തി. ഇപ്പോള്‍ മാണി സാറേ, ഹീറോ സാറേ എന്നാണ്. അണികളേ, ബാറിനെയും ബീഫിനെയും പറ്റി ഒരക്ഷരം മിണ്ടരുത്! ബോലോ, മാണിസാര്‍ കീ ജയ്…
നീക്കുപോക്കിന്റെ കാലമാണിത്. ബംഗാളില്‍ കോണ്‍ഗ്രസുമായി ബന്ധം വേണമെന്നാണ് അവിടുത്തെ പാര്‍ട്ടി പറയുന്നത്. പറ്റില്ലെന്ന് കേന്ദ്ര കമിറ്റി. എന്നാല്‍ അധികമടുത്തു വേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. നീക്കുപോക്ക് ആകാമെന്ന്. അപ്പോള്‍ നാക്കിനും ചില നീക്കുപോക്ക് വേണ്ടി വരും. പറയുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കണം. പറഞ്ഞു പഠിച്ച മാതിരി പറയരുത്. പണ്ട് കോണ്‍ഗ്രസെന്ന് കേട്ടാല്‍ ബൂര്‍ഷ്വാ, ഭൂപ്രഭു മൂരാച്ചിയെന്നൊക്കെ പറയാമായിരുന്നു. ഇനി അത് പറ്റില്ല. മിണ്ടരുത്, സഖാവേ, ബംഗാളിലേക്ക് നോക്കൂ. തിരിച്ചും അങ്ങനെത്തന്നെ. യെച്ചൂരിയെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനപൂരിതമാകണമന്തരംഗം, കോണ്‍ഗ്രസുകാരുടെ! കുറച്ചു കാലത്തേക്കെങ്കിലും.
യാത്രകള്‍ തീര്‍ന്നിട്ടില്ല, കേട്ടോ. ഇനി ഡല്‍ഹിയിലേക്കാണ് യാത്ര. ഒരു ദിവസം അവിടെ തങ്ങുന്നു. ചര്‍ച്ചയോട് ചര്‍ച്ച. തിരിച്ച് കേരളത്തിലേക്ക്. ഇവിടുന്നും ചര്‍ച്ച. വീണ്ടും ഡല്‍ഹിക്ക്. പോക്കുവരവ് എന്ന് പറയും. ലിസ്റ്റ് ശരിയാക്കിയെടുക്കാന്‍ അഞ്ച് പത്ത് യാത്രള്‍ വേണ്ടി വരും. ചിലര്‍ പരാതിയുമായി പോകുന്നു, പരാകി വരുന്നു. ചിലര്‍ വെറുംകൈയോടെ പോകുന്നു, സീറ്റുമായി വരുന്നു. ചിലരുടെ സീറ്റ് പോകുന്നു. നീക്കുപോക്ക് കൊണ്ട് നിറഞ്ഞിരിക്കും അപ്പോള്‍ പാര്‍ട്ടി അകത്തളങ്ങള്‍. തിരുത്തലും വീതംവെക്കലും തുരത്തലും… കൈപിടിച്ചുയര്‍ത്തലും ചവിട്ടിത്താഴ്ത്തലും.
ഏതൊരവിശ്വാസിയും വിളിച്ചു പോകും.
ദൈവമേ, കൈ തൊഴാം കാക്കുമാറാകണേ…

---- facebook comment plugin here -----

Latest