രണ്ട് കുട്ടികള്‍ അപകടനില തരണം ചെയ്തു; പിന്നില്‍ ഭാര്യയെക്കുറിച്ചുള്ള സംശയം

Posted on: February 23, 2016 11:56 pm | Last updated: February 23, 2016 at 11:56 pm
SHARE

cyberbullying_facebook2012_01-Ae6rrപാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് അറുത്ത സംഭവത്തില്‍ രണ്ട് കുട്ടികള്‍ അപകടാവസ്ഥ തരണം ചെയ്തു.
ഒട്ടോറിക്ഷ ഡ്രൈവറായ അകത്തേത്തറ തെക്കിനപാടം പാപ്പറമ്പിലെ അയ്യപ്പനാണ് മക്കളായ ആദിത്യന്‍, അര്‍ച്ചന എന്നിവരുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ചു മുറിച്ചത്. ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികളും സുഖം പ്രാപിച്ച് വരുകയാണെന്നാണ് പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാലരക്ക് വീടിന് സമീപത്ത് നിര്‍ത്തിയിട്ട ഒട്ടോറിക്ഷയിലാണ് മദ്യപിച്ച അയ്യപ്പനെയും കഴുത്തില്‍ മുറിവേറ്റ കുട്ടികളെയും നാട്ടുകാര്‍ കണ്ടെത്തിയത്. കുട്ടികളെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. ആദിത്യന്‍ അകത്തേത്തറ യുപി സ്‌കൂളിലും അര്‍ച്ചന അങ്കണ്‍വാടിയിലും പഠിക്കുകയാണ്. സ്ഥിരം മദ്യപിക്കുന്ന അയ്യപ്പന്‍ കഴിഞ്ഞ 17ന് ഭാര്യ സുമ ജോലിചെയ്യുന്ന അകത്തേത്തറയിലെ ഇലക്‌ട്രോണിക്‌സ് ഷോപ്പില്‍ ചെന്ന് ബഹളമുണ്ടാക്കുകയും ഭാര്യയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിക്കാനും ശ്രമിച്ചിരുന്നു.
പരുക്കേറ്റ അവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ആക്രമിച്ചുവെന്ന് ഇലക്‌ട്രോണിക് ഉടമ നൗഫല്‍ഖാനും പരാതി നല്‍കി. തുടര്‍ന്ന് ഹേമാംബിക പോലീസ് അയ്യപ്പനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. ജാമ്യത്തിലിറങ്ങിയ അയ്യപ്പന്‍ കഴിഞ്ഞ ദിവസം സംഘ്പരിവാരക്കാരെന്ന് പരിചയപ്പെടുത്തിയ രണ്ട്‌പേരുമായി വന്ന് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപിക്കാതെ വന്നാല്‍ സംസാരിക്കാമെന്ന ഉറപ്പില്‍ അവരെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നാണ് മക്കളുടെ കഴുത്ത് മുറിച്ചത്. ഭാര്യയോടുള്ള സംശയമാണ് മക്കളെ കൊല്ലാന്‍ ശ്രമിച്ചതിന് കാരണമെന്ന് അയ്യപ്പന്‍ പോലീസിനോട് പറഞ്ഞു. അയ്യപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here