എണ്ണ ഉത്പാദനം മരവിപ്പിക്കല്‍ :ദോഹ ധാരണക്ക് നൈജീരിയയുടെ പിന്തുണ

Posted on: February 23, 2016 9:43 pm | Last updated: February 26, 2016 at 6:30 pm
SHARE

oilദോഹ: നാല് എണ്ണയുത്പാദക രാഷ്ട്രങ്ങളുടെ ദോഹ ധാരണക്ക് പിന്തുണയുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണയുത്പാദക രാഷ്ട്രമായ നൈജീരിയ. ഖത്വര്‍, സഊദി അറേബ്യ, വെനസ്വേല, റഷ്യ എന്നീ രാഷ്ട്രങ്ങളാണ് കഴിഞ്ഞ മാസത്തെ അളവില്‍ എണ്ണയുത്പാദനം മരവിപ്പിക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ വെച്ച് ധാരണയിലെത്തിയത്. ഇതിന് നൈജീരിയയുടെ പിന്തുണയും അംഗീകാരവും ഇന്ധന മന്ത്രി ഇമ്മാനുവേല്‍ ഇബെ കാച്ചിവ്കു അറിയിച്ചു.
ഖത്വര്‍ ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നൈജീരിയന്‍ മന്ത്രി ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും എണ്ണയുത്പാദനം പ്രതിദിനം 22 ലക്ഷം ബാരലായി നിജപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഏറെനാള്‍ വിപണിക്ക് പുറത്തായിരുന്നു ഇറാഖും ഇറാനും. അവരും എണ്ണയുത്പാദനം മരവിപ്പിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിയതിനാല്‍ ഇറാനും യുദ്ധവും പോരാട്ടങ്ങളും കാരണം തകര്‍ന്നടിഞ്ഞതിനാല്‍ ഇറാഖും എണ്ണയുത്പാദനത്തിലൂടെയും വില്‍പ്പനയിലൂടെയും കരകയറാന്‍ ശ്രമിക്കുകയാണ്. ആഭ്യന്തര ഉപയോഗം ലക്ഷ്യമിട്ട് നൈജീരിയ എണ്ണയുത്പാദനം വര്‍ധിപ്പിക്കുമെന്നും ഇത് വില്‍ക്കാനല്ലെന്നും അദ്ദേഹം അറിയിച്ചു. ഒപെക് അംഗീകരിച്ച അളവില്‍ പോലും ഇന്ധനം ഇപ്പോള്‍ നൈജീരിയ കയറ്റുമതി ചെയ്യുന്നില്ല. ജൂണിലെ യോഗത്തിന് മുമ്പ് അടിയന്തര ഒപെക് യോഗം വിളിക്കാനും സാധ്യതയുണ്ട്. അതേസമയം, അടിയന്തര യോഗത്തില്‍ ശ്രദ്ധയൂന്നുന്നതിന് പകരം വ്യാപകമായ ചര്‍ച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ധനവില സ്ഥിരതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇന്നലെ സഊദി അറേബ്യയില്‍ എത്തി. അദ്ദേഹം സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തുന്നുണ്ട്. സഊദി സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം ഖത്വറിലെത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here