രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെജ്‌രിവാള്‍

Posted on: February 23, 2016 7:05 pm | Last updated: February 24, 2016 at 9:03 am

kejriwalന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജന്തര്‍ മന്ദിറിലെ പ്രതിഷേധ യോഗത്തിലാണു കേജരിവാള്‍ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി എത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ഥികളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത അതേ വിദ്യാര്‍ഥികള്‍തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തുന്നത്-ജന്തര്‍ മന്ദിറില്‍ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കവേ കെജ്രിവാള്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ ദളിതര്‍ക്കെതിരാണെന്നും കേജരിവാള്‍ പറഞ്ഞു. എന്നാല്‍ താനും എഎപി സര്‍ക്കാരും സംവരണത്തെ എതിര്‍ക്കുന്നില്ലെന്നും എല്ലാ സമയത്തും താന്‍ സംവരണത്തെ അനുകൂലിച്ചിരുന്നതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. കെജ്രിവാളിനു പുറമേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രോഹിത് വെമുല പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്ദിറിലെത്തിയിരുന്നു.

രോഹിത് വെമുലയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ ഭവനില്‍നിന്ന് ജന്തര്‍ മന്തിറിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.