എണ്ണയുത്പാദനം കുറക്കാനുള്ള തീരുമാനം: ഫലപ്രാപ്തിയില്‍ അമേരിക്കക്ക് സംശയം

Posted on: February 23, 2016 7:15 pm | Last updated: February 23, 2016 at 7:15 pm

ദോഹ: വിലക്കുറവ് നിയന്ത്രിക്കുന്നതിനായി എണ്ണയുത്പാദനം കുറക്കുക എന്ന ഖത്വര്‍ ഉള്‍പ്പെടെ നാലു പ്രാധാന ഉത്പാദക രാജ്യങ്ങള്‍ എടുത്ത തീരുമാനം ഫലം ചെയ്യുമോ എന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ചു.
വിപണിയില്‍ എണ്ണയുടെ ലഭ്യത സുലഭമായതിനാല്‍ ഉത്പാദനം കുറച്ചതുകൊണ്ട് പ്രയോജനമുണ്ടെന്നു കരുതുന്നില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷനല്‍ ഊര്‍ജകാര്യ പ്രത്യേക പ്രതിനിധി അമോസ് ജെ ഹോച്‌സ്റ്റെയ്ന്‍ പറഞ്ഞു. റോയിട്ടേഴ്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഖത്വറിനു പുറമേ സഊദി അറേബ്യ, വെനസ്വേല, റഷ്യ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ഉത്പാദനം ജനുവരി ലെവലില്‍ പിടിച്ചു നിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ധാരാണം എണ്ണ ഉത്പാദിപ്പിച്ച രാജ്യങ്ങളാണിവ. റഷ്യ മാത്രം 10.88 ദശലക്ഷം ബാരല്‍ എണ്ണയാണ് പ്രതിദിനം ഉത്പാദിപ്പിച്ചത്.
വിപണിയില്‍ എണ്ണയുടെ സുലഭതയുണ്ട്. റഷ്യയുടെ ഉത്പാദനം കുറഞ്ഞാലും അത് വിപണയില്‍ ആവശ്യമായ ലഭ്യതയില്‍ കുറവു വരുത്തുന്നില്ല. മാത്രമല്ല, ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉപരോധത്തില്‍ നിന്നും മോചനം നേടിയ ഇറാന്റെ എണ്ണ പൊതുവിപണിയിലേക്കു വരുന്നു. ഇതും എണ്ണയുടെ സുലഭതക്ക് വഴിയൊരുക്കുന്നു.
എണ്ണയുത്പാദനം കുറക്കാനുള്ള തീരുമാനം വന്നതിനു ശേഷവും രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വില നാലു ശതമാനം കുറയുകയാണ് ചെയ്തത്.
അതേസമയം ഇറാന്റെ കാര്യത്തിലും തനിക്ക് വലിയ സന്ദേഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഒപെക്കിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമയിരുന്നു ഇറാന്‍. എണ്ണയുത്പാദനം മരവിപ്പിക്കാനുള്ള തീരുമാനം ഇറാന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇറാന്റെ ഉത്പാദനം മരിവിപ്പിക്കുന്നതു സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
ഉത്പാദനം നിര്‍ത്തി വെക്കാനുള്ള തീരുമാനം താത്കാലികവും ഒരു സന്നദ്ധതയുമാണ്. അതെന്തു ഫലമുണ്ടാക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണെന്ന് റഷ്യന്‍ ഊര്‍ജ സഹമന്ത്രി അനാറ്റലി യാനോവ്‌സ്‌കി പറഞ്ഞിരുന്നു.
വിപണിയിലെ വിലക്കുറവു പിടിച്ചു നിര്‍ത്താന്‍ ഉത്പാദനം നിയന്ത്രിക്കുക എന്ന ആവശ്യവുമായി വെനസ്വേലയാണ് രംഗത്തിറങ്ങിയത്.