591 മില്യന്‍ റിയാല്‍ ഓഹരികള്‍ ഖത്വര്‍ ഇന്‍ഷ്വറന്‍സ് വിതരണം ചെയ്യുന്നു

Posted on: February 23, 2016 7:13 pm | Last updated: February 23, 2016 at 7:13 pm

ദോഹ: ഓഹരിയുടമകള്‍ക്ക് 20 ശതമാനം ഓഹരികള്‍ വിതരണം ചെയ്ത് മൂലധനം ഉയര്‍ത്താന്‍ ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനി തീരുമാനം. മൂലധനം 1.846 ബില്യന്‍ റിയാലില്‍നിന്നും 2.437 ബില്യന്‍ റിയാലാക്കി ഉയര്‍ത്തുന്നതിനാണ് കമ്പനി ഓഹരിയുടമകളുടെ അനുവാദം നേടിയിരിക്കുന്നത്. 591 ദശലക്ഷം റിയാലാണ് ഇതുവഴി സമാഹരിക്കുക.
നിലവിലുള്ള ഓഹരിയുടമകള്‍ക്കാണ് പുതുതായി പ്രഖ്യാപിച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ കഴിയുക. ഒരു ഓഹരിക്ക് 50 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 40 റിയാല്‍ പ്രീമിയവും ഉള്‍പ്പെടും. 10 റിയാലാണ് ഓഹരിയുടെ മൂല്യമെന്ന് ഇന്നലെ ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 2016 മാര്‍ച്ച് ഒന്നിനു മുമ്പ് ഖത്വര്‍ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കും. കമ്പനിയുടെ ലാഭവിഹിത വിതരണത്തിന്റെ ഭാഗമായാണ് മൂലധനം ഉയര്‍ത്തുന്നതിന് ഓഹരികള്‍ അനുവദിക്കുന്നത്. ആകെ 40,616,716 ഓഹരികളാണ് വിതരണം ചെയ്യുക. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനിയുടെ ജനറല്‍ അസംബ്ലിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓഹരിയുടമകള്‍ക്ക് 25 ശതമാനം ധനവിഹിതം വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഓഹരി ഉടമകള്‍ക്ക് ഓരോ ഷെയറിനും 2.5 റിയാല്‍ വീതമാണ് ലഭിക്കുക. പുതിയ ഓഹരി വിതരണത്തിന്റെ സമയം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.