Connect with us

Gulf

'പ്രവാസികള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കരുതലോടെ ഉപയോഗിക്കുക'

Published

|

Last Updated

ടി പി സീതാറാം

ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ വരുമാനത്തിന് അനുസരിച്ച് ചെലവ് ക്രമീകരിക്കണമെന്നും ക്രെഡിറ്റ് കാര്‍ഡ് ഉള്‍പെടെയുള്ളവയെ കരുതലോടെ ഉപയോഗിക്കണമെന്നും യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. ആരോഗ്യരംഗത്തെ മുന്‍നിര സ്ഥാപനമായ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ എറൈസ് പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്ഥാനപതി. ഇന്ത്യക്കാര്‍ യു എ ഇയില്‍ ഇത്തരത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളില്‍ എംബസിക്ക് സഹായിക്കാനാവില്ല.

എല്ലാവരും വിദേശ രാജ്യങ്ങളില്‍ ജോലിക്കെത്തുന്നത് കുടുംബത്തെ സംരക്ഷിക്കാനും സമ്പാദിക്കാനും ലക്ഷ്യമിട്ടാണ്. ക്രെഡിറ്റ് കാര്‍ഡ് ഉള്‍പെടെയുള്ളവയുടെ പിറകെ പോയി അനാവശ്യമായ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. എത്ര ശതമാനം പലിശ നിരക്കെന്ന് പോലും അന്വേഷിക്കാതെയാണ് പലരും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് ദുര്‍വ്യയങ്ങള്‍ക്ക് പണം കടമെടുക്കുന്നത്. എട്ടും പത്തും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നവരെ അറിയാം.

ഇത്തരക്കാരില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംബസിയെ സമീപിച്ചതും സീതാറാം ഓര്‍മിപ്പിച്ചു. വിദേശത്ത് ജോലിക്കെത്തുന്ന ഇന്ത്യക്കാര്‍ മാരകമായ രോഗങ്ങള്‍ ഉല്‍പെടെയുള്ളവയുമായി ബന്ധപ്പെട്ട് പരമാവധി 2000 ഡോളര്‍ (7,340 ദിര്‍ഹം) വരെയാണ് ഓരാള്‍ക്കായി ചെലവഴിക്കാന്‍ എംബസികള്‍ക്ക് കഴിയുക. ഇതിനും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പത്തും ഇരുപതും വര്‍ഷം കഴിഞ്ഞ് ഒന്നുമില്ലാതെ പോകേണ്ടിവരുന്നവരില്‍ പലരും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടക്കല്‍ ഉള്‍പെടെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും, അവിചാരിതമായുണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാനും പ്രവാസികളെ പ്രാപ്തരാക്കുന്നതിനുള്ള ഉത്തമോദഹരണമാണ് “എറൈസ്” എന്ന് പദ്ധതിയെ സ്വാഗതം ചെയ്തു കൊണ്ട് ടി പി സീതാറാം പറഞ്ഞു. പ്രവാസികളുടെ ആവശ്യമറിഞ്ഞ്, ഈ പദ്ധതി സാധ്യമാക്കാന്‍ പ്രവര്‍ത്തിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍, റാക് ഇന്‍ഷൂറന്‍സ്, റിലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവരെ അഭിനന്ദിക്കുന്നതായും സീതാറാം കൂട്ടിച്ചേര്‍ത്തു.

Latest