ഒന്നര വര്‍ഷത്തിനകം റാസല്‍ ഖൈമ പൂര്‍ണമായും സുരക്ഷാ ക്യാമറക്ക് കീഴിലാവും

Posted on: February 23, 2016 3:19 pm | Last updated: February 23, 2016 at 3:32 pm
SHARE

CCTV2റാസല്‍ ഖൈമ: താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനായി ഒന്നര വര്‍ഷത്തിനകം എമിറേറ്റ് മുഴുവന്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മോഷണം ഉള്‍പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ ലക്ഷ്യമിട്ടാണ് 40,000ത്തിലധികം സ്ഥാപനങ്ങള്‍ ഉള്‍പെടെയുള്ളവയെ സുരക്ഷാ ക്യാമറക്ക് കീഴിലാക്കാന്‍ പദ്ധതിയിടുന്നത്. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഉള്‍പെടെയുള്ളവയെയാണ് സുരക്ഷാ ക്യാമറക്ക് കീഴില്‍ കൊണ്ടുവരുന്നത്. പ്രധാന കെട്ടിങ്ങള്‍, പൊതുസ്ഥലങ്ങള്‍, തെരുവുകള്‍ തുടങ്ങിയവ സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനാണ് പദ്ധതി. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും റാസല്‍ ഖൈമ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാകും. റാസല്‍ ഖൈമ എമിറേറ്റിലെ നിലവിലെ കുറ്റകൃത്യനിരക്ക് ഇതോടെ ഗണ്യമായി കുറയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷ എന്നതിന്റെ അറബി വാക്കായ ഹിംയതി എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റാസല്‍ ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.
അധികാരികള്‍ ക്യാമറ സ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുന്നിടത്തെല്ലാം അതിനായി നടപടി സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തും. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റില്‍ സുരക്ഷാ ക്യാമറ സാര്‍വത്രികമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, പാര്‍ക്കിംഗ് മേഖല, മസ്ജിദുകള്‍ എന്നിവക്കൊപ്പം ഹോട്ടലുകള്‍ ഉള്‍പെടെയുള്ള മറ്റു കെട്ടിടങ്ങളും ക്യാമറയുടെ നിരീക്ഷണത്തിലാവും. ഒന്നര വര്‍ഷത്തിനകം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും അല്‍ നുഐമി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here