Connect with us

National

കാശ്മീരില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; മൂന്ന് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച മൂന്ന് തീവ്രവാദികളെ 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചു. സൈന്യവും സി ആര്‍ പി എഫും പോലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനിലാണ് തീവ്രവാദികളെ വധിച്ചത്.

രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒരു സാധരാണക്കാരനും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടാണ് ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ പാംപോറില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. പിന്നീട് തീവ്രവാദികള്‍ സമീപത്തുള്ള ബഹുനില കെട്ടിടത്തില്‍ ഒളിക്കുകയായിരുന്നു. ജമ്മു കാശ്മീര്‍ സംരംഭകത്വ വികസന സ്ഥാപനത്തില്‍ (ഇ ഡി ഐ) കയറിയാണ് തീവ്രവാദികള്‍ പിന്നീട് ആക്രമണം നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരെയും സമീപത്തുള്ളവരെയും ഉടന്‍ ഒഴിപ്പിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് കെട്ടിടത്തിലുണ്ടായിരുന്ന സാധാരണക്കാരെ ഒഴിപ്പിച്ചത്.
ഏറ്റുമുട്ടല്‍ അവസാനിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. ആക്രമണത്തിന് പിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്ന് സംശയിക്കുന്നതായി സി ആര്‍ പി എഫ്. ഡി ജി പ്രകാശ് മിശ്ര പറഞ്ഞു.

Latest