Connect with us

National

ആസിഡ് ആക്രമണത്തിനിരയായ സോണിക്ക് കാഴ്ച നഷ്ടപ്പെട്ടേക്കും

Published

|

Last Updated

റായ്പൂര്‍: ദന്തേവാഡയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സാമൂഹിക പ്രവര്‍ത്തക സോണി സോറിക്ക് കാഴ്ച നഷ്ടമായേക്കുമെന്ന് സൂചന. സോണിയുടെ മുഖത്തെ വീക്കം വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഇപ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖത്ത് നീരുള്ളത് കൊണ്ടാണ് കണ്ണ് തുറക്കാന്‍ പറ്റാത്തത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ഇതുവരെ. മാരകമായ രാസപദാര്‍ഥമാണ് അവരുടെ മുഖത്ത് ഒഴിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്തായിരിക്കും സോണിയുടെ കാഴ്ചയുടെ അവസ്ഥയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ മാര്‍ പറയുന്നു.
മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ഈ മാസം 20നാണ് എ എ പി നേതാവ് കൂടിയായ സോണി സോറി ആക്രമണത്തിനിരയായത്. ഗീതമ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജവാംഗാ ഗ്രാമത്തിലൂടെ ബൈക്കില്‍ പോകുകയായിരുന്ന സോണി സോറിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് യുവാക്കള്‍ സോണി സഞ്ചരിച്ച വാഹനം തടയുകയും അവരിലൊരാള്‍ ആസിഡ് എന്ന് കരുതപ്പെടുന്ന ദ്രവം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. സംഘം ഉടന്‍ അപ്രത്യക്ഷമാകുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ഗ്രാമീണ കര്‍ഷകന്റെ വിവരം പോലീസില്‍ അറിയിച്ചതിന്റെ പ്രതികരമായാണ് സോണി സോറി ആക്രമിക്കപ്പെട്ടതെന്നാണ് കരുതുന്നത്.

Latest