Connect with us

National

ഹെഡ്‌ലിയുടെ ക്രോസ് വിസ്താരത്തിന് ജുന്തലിന്റെ അഭിഭാഷകന്‍ ഹരജി നല്‍കി

Published

|

Last Updated

മുംബൈ: പാക്- അമേരിക്കന്‍ ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും പ്രതിയുമായ സഈദ് സബിയുദ്ദീന്‍ അന്‍സാരി എന്ന അബു ജുന്തലിന്റെ അഭിഭാഷകന്‍ കോടതിയുടെ അനുമതി തേടി.
അതിനിടെ, ഹെഡ്‌ലിയെ രണ്ടാം വട്ട ചോദ്യം ചെയ്യലിന് യു എസ് അധികൃതരില്‍ നിന്ന് അനുവാദം വാങ്ങി അക്കാര്യം ഈ മാസം 25നകം കോടതിയെ അറിയിക്കാന്‍ ജഡ്ജി ജി എ സനപ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗമിന് നിര്‍ദേശം നല്‍കി. ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി അതിനിടെ ജുന്തലിന്റെ അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ഈ മാസം എട്ടിനാണ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്ന ഒരാഴ്ച നീണ്ടുനിന്ന കോടതി നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ക്രോസ് വിസ്താരത്തിനായി കോടതി പിരിയുകയായിരുന്നു. ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരുന്ന ഹെഡ്‌ലി, വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഏത് തരത്തിലാണ് പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ ലഷ്‌കറെ ത്വയ്യിബ, അല്‍ഖാഇദ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണകള്‍ നല്‍കിയതെന്നായിരുന്നു ഹെഡ്‌ലിപറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന് മുമ്പ് താജ്മഹല്‍ ഹോട്ടലില്‍ നടന്ന ഇന്ത്യയിലെ പ്രതിരോധ ശാസ്ത്രജ്ഞന്‍മാരുടെ യോഗം ആക്രമിക്കാന്‍ ലശ്കറെ ത്വയ്യിബ പദ്ധതിയിട്ടിരുന്നുവെന്നും ഹെഡ്‌ലി നല്‍കിയ മൊഴിയിലുണ്ട്.
ഗുജറാത്തില്‍ 2004ല്‍ വിവാദമായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകനായിരുന്നുവെന്നും ഹെഡ്‌ലി കോടതിയോട് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ നാഷനല്‍ ഡിഫന്‍സ് കോളജ്, മുംബൈ വിമാനത്താവളം, നേവല്‍ എയര്‍ സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയിട്ട കാര്യവും മൊഴിയിലുണ്ടായിരുന്നു.

Latest