Connect with us

Kerala

ജോലി തേടി നഴ്‌സുമാര്‍ സംസ്ഥാനം വിടുന്നു; ആരോഗ്യ മേഖല പ്രതിസന്ധിയില്‍

Published

|

Last Updated

ചാവക്കാട്: ജോലി തേടി നഴ്‌സുമാര്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നു. ദിനം പ്രതി നിരവധി നഴ്‌സുമാരാണ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ജോലി തേടി സംസ്ഥാനം വിടുന്നത്.
കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും നല്‍കുന്ന തുച്ഛമായ ശമ്പളമാണ് നഴ്‌സുമാരുടെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളാണ് ആരോഗ്യ പരിപാലനരംഗത്ത് ഏറെയുള്ളത്. എന്നാല്‍, ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളില്‍ നിന്നും വന്‍തുക ഈടാക്കിയിട്ടും നഴ്‌സുമാര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ പോലും നഴ്‌സുമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ല. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി തുച്ഛമായ ശമ്പളത്തിന് നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം ജോലി പരിചയം നേടി വിദേശത്തേക്ക് കടക്കുകയാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ട് ജോലി പരിചയത്തിനായി ആശുപത്രികളില്‍ സേവനം ചെയ്യുന്നതിനിടെ പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ നല്‍കാത്ത ആതുരാലയങ്ങളും നിരവധിയാണ്. ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ സേവനം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നാണ് ഈ സ്ഥാപനങ്ങളുടെ നിലപാട്.
വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പോകേണ്ടിവന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമില്ല. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇത് മറ്റൊരു പ്രഹരമാകുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നില്ലെന്ന പരാതി നേരത്തെ തന്നെ നിലവിലുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ തിരിച്ചു നല്‍കാതിരിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാറില്ലാത്തതിനാല്‍ നഴ്‌സിംഗ് പഠനത്തിനും അന്യസംസ്ഥാനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ആവശ്യത്തിനുള്ള നഴ്‌സിംഗ് കോളജുകള്‍ കേരളത്തിലില്ലാത്തതും നഴ്‌സിംഗ് പഠനത്തിന് ചെലവാകുന്ന തുകയിലുള്ള വലിയ വ്യത്യാസവുമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ കാരണം.
ഭക്ഷണവും താമസവും കഴിച്ച് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് സംസ്ഥാനം വിട്ട് പുറത്തു പോകാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്നത്. ഇതിനായി നിരവധി ഏജന്‍സികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നേഴ്‌സുമാരുടെ കുറവിനെ തുടര്‍ന്ന് പല ആശുപത്രികളിലും ഗുരുതര പ്രതിസന്ധി നേരിടുകയാണ്.

Latest