രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യാജ വീഡിയോ: കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും തിരിച്ചടി

Posted on: February 23, 2016 12:34 am | Last updated: February 22, 2016 at 11:38 pm
SHARE

JNUന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്താന്‍ ആധാരമാക്കിയ വീഡിയോകള്‍ വ്യാജമായിരുന്നെന്ന് ഒന്നൊന്നായി പുറത്തുവരുന്നത് കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പോലീസിനും തിരിച്ചടിയാകുന്നു. പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയെ ആധാരമാക്കിയാണ് വിദ്യാര്‍ഥികള്‍കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
എന്നാല്‍, ഇത് വ്യാജമാണെന്നും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് എ ബി വി പി പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന വീഡിയോ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു ഇതിന് പിന്നാലെയാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് സീ ന്യൂസിന്റെ പ്രൊഡ്യൂസര്‍ വിശ്വദീപക് വെളിപ്പെടുത്തുന്നത്. ഇത് വന്‍ തിരച്ചടിയായതോടെ മുഖം രക്ഷിക്കാന്‍ ഡല്‍ഹി പോലീസ് ചാനലിനോട് വീഡിയോയുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകേസിന് കാരണമായ വീഡിയോ എഡിറ്റ് ചെയ്ത് രൂപപ്പെടുത്തിയതാണെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ജെ എന്‍ യു കാമ്പസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍, ഷൂട്ട് ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനലിന്റെ ഈ നയത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹം ചാനലില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നേരത്തെ ജെ എന്‍ യു വിഷയത്തില്‍ ടൈംസ് നൗ, ഇന്ത്യാ നൂസ് എന്നീ ചാനലുകള്‍ പുറത്തുവിട്ട വീഡിയോയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ പോലിസ് ഭാഷ്യങ്ങള്‍ അപ്പടി റിപ്പോര്‍ട്ട് ചെയ്തുവരുന്ന സീ ന്യൂസ് ചാനലിന്റെ വീഡിയോയും വ്യാജമാണെന്ന വെളിപ്പെടുത്തല്‍ വരുന്നത്. ജെ എന്‍ യു വിഷയത്തില്‍ സോഷ്യമീഡിയയില്‍ സീ ന്യൂസ് ചാനല്‍ കടുത്ത വിമര്‍ശം നേരിടുന്ന സാഹചര്യത്തിലാണ് വിശ്വദീപക്കിന്റെ രാജി.
വീഡിയോയിലെ ഭാരതീയ കോര്‍ട്ട് സിന്ദാബാദ് എന്നതിന്റെ സ്ഥാനത്താണ് പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ചേര്‍ത്തത്. ജെ എന്‍ യു പരിപാടിയില്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യം എന്നു പറഞ്ഞ് ചാനല്‍ പലതവണ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീഡിയോയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വലിയ അക്ഷരത്തില്‍ എഴുതുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
വിശ്വദീപക് രാജിവെക്കുന്നതിന് മുമ്പ് ചാനലിനെതിരെ കടുത്ത ആരോപണങ്ങളടങ്ങുന്ന സന്ദേശം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചാനലിന്റെ ഏകപക്ഷീയവും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടിംഗ് രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ അതില്‍ പാക് അനുകൂല മുദ്രാവാക്യം ഇല്ലായിരുന്നു. ഈ മാസം പത്തിനാണ് വീഡിയോ എഡിറ്റ് ചെയ്ത് വ്യാജ വാര്‍ത്തയുണ്ടാക്കിയത്.
സംഭവം റിപ്പോര്‍ട്ട് ചെയ്ത പവന്‍ നാരയുടെ സാന്നിധ്യത്തിലായിരുന്നു വ്യാജ വീഡിയോ ഉണ്ടാക്കിയത്. ഒരു വാര്‍ത്തക്ക് വേണ്ടി ഈ വീഡിയോ എഡിറ്റ് ചെയ്യണമെന്നാണ് ഡെസ്‌കില്‍ നിന്ന് വീഡിയോ എഡിറ്റര്‍മാര്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ്‌കമ്യൂണിക്കേഷനില്‍ നിന്ന് ബിരുദം നേടിയ ശേഷം ന്യൂസ് 24, ആജ്തക്, ന്യൂസ് നാഷന്‍, ബി ബി സി ഹിന്ദി എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ഈ മാസം ഒമ്പതിന് ജെ എന്‍ യു ക്യാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മണ പരിപാടിയുമായി ബന്ധപ്പെട്ട് കന്‍ഹയ്യയും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഈ വ്യാജ വീഡിയോ തെളിവായി സ്വീകരിച്ചായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here