Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബുധനാഴ്ച്ച

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സി പി എം സെക്രട്ടേറിയറ്റ് നാളെ ചേരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം. ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റിന്റെ കാര്യത്തിലും മുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റ് സംബന്ധിച്ചും യോഗത്തില്‍ ധാരണയുണ്ടാക്കും. സിറ്റിംഗ് എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കുന്നത് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാര്‍ഗരേഖക്കും നാളത്തെ സെക്രട്ടേറിയറ്റ് രൂപം നല്‍കും.
തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം സീറ്റ് വിഭജനം മതിയെന്നതാണ് ഇപ്പോഴത്തെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാലുടന്‍ മുന്നണി യോഗം ചേരും. അതിന് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമെടുക്കുകയെന്നതാണ് നാളത്തെ യോഗത്തിന്റെ ലക്ഷ്യം. ഘടകകക്ഷികള്‍ക്ക് കഴിഞ്ഞതവണ നല്‍കിയ അത്രയും സീറ്റ് ഇക്കുറിയും നല്‍കും. ആര്‍ എസ് പി കൂടി മുന്നണിവിട്ട സാഹചര്യത്തില്‍ അധികം വരുന്ന സീറ്റില്‍ എന്തുവേണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളില്‍ ആര്‍ക്കെല്ലാം എത്ര സീറ്റ് വീതം നല്‍കണമെന്ന കാര്യം തീരുമാനിക്കേണ്ടതുണ്ട്.
84 സീറ്റിലാണ് കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ സി പി എം മത്സരിച്ചത്. ഒമ്പത് ഇടത്ത് പാര്‍ട്ടി സ്വതന്ത്രരെ കളത്തിലറക്കി. സി പി ഐക്ക് നല്‍കിയത് 27 സീറ്റ്. ജനതാദള്‍ എസിന് അഞ്ചും എന്‍ സി പി, ആര്‍ എസ് പി എന്നീ കക്ഷികള്‍ക്ക് നാല് വീതവും കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗത്തിന് മൂന്ന് സീറ്റും നല്‍കി. ഇനിയും ഘടകകക്ഷിയാകാതെ സഹകരിച്ച് മത്സരിക്കുന്നവരില്‍ പ്രധാന പാര്‍ട്ടിയാണ് ഐ എന്‍ എല്‍. കഴിഞ്ഞ തവണ നാല് സീറ്റിലാണ് ഇവര്‍ മത്സരിച്ചത്. അത്രയും സീറ്റ് ഇത്തവണയും നല്‍കുമെങ്കിലും പതിവായി മത്സരിക്കുന്ന ചില സീറ്റുകള്‍ വെച്ചുമാറണമെന്ന താത്പര്യം ഐ എന്‍ എല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജയം ഉറപ്പുള്ള ഒരു സീറ്റെങ്കിലും നല്‍കണമെന്നാണ് അവരുടെ ആവശ്യം.
ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ എസ് എസ് ഗൗരിയമ്മ വിഭാഗം, സി എം പി അരവിന്ദാക്ഷന്‍ വിഭാഗം, കേരളാ കോണ്‍ഗ്രസ്- ബി, പി സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ എന്നിവരുടെ കാര്യത്തില്‍ എന്തുവേണമെന്നും തീരുമാനിക്കേണ്ടതുണ്ട്. എല്‍ ഡി എഫ് നല്‍കുന്ന ഏത് സീറ്റിലും മത്സരിക്കുമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള വ്യക്തമാക്കി കഴിഞ്ഞു. കെ ബി ഗണേഷ്‌കുമാറിന് പത്തനാപുരം സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും പിള്ളയുടെ കാര്യത്തില്‍ സി പി എമ്മിന് കൂടുതല്‍ ആലോചന വേണ്ടിവരും. ആര്‍ എസ് പി വിട്ടുവന്ന കോവൂര്‍ കുഞ്ഞിമോന് കുന്നത്തൂര്‍ സീറ്റ് നല്‍കും.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകളും നാളെ സെക്രട്ടേറിയറ്റിലുണ്ടാകും. വലിയതോതിലുള്ള യുവനിരയെ സ്ഥാനാര്‍ഥികളാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ആരെയെല്ലാം പാര്‍ലിമെന്ററി രംഗത്തേക്ക് നിയോഗിക്കണമെന്ന കാര്യവും തീരുമാനിക്കും. പതിനഞ്ചംഗ സെക്രട്ടേറിയറ്റില്‍ ഏതാണ്ട് എല്ലാവരും മത്സരിക്കാന്‍ താത്പര്യമുള്ളവരാണ്. സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ എന്തായാലും ഇത്തവണ മത്സരിക്കാനുണ്ടാകില്ല. പി കരുണാകരനും പി കെ ശ്രീമതിയും നിലവില്‍ പാര്‍ലിമെന്റ് അംഗങ്ങളാണ്. ശേഷിക്കുന്നവരില്‍ ആരെല്ലാം മത്സരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇ പി ജയരാജന്‍, ഡോ. ടി എം തോമസ് ഐസക്, എ കെ ബാലന്‍, എളമരം കരീം എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ സിറ്റിംഗ് എം എല്‍ എമാര്‍. പാര്‍ലിമെന്ററി രംഗത്തെ പരിചിത മുഖങ്ങള്‍ എന്ന നിലയില്‍ ഇവരെയെല്ലാം വീണ്ടും മത്സരിപ്പിക്കും.
എളമരം കരീമിന് മുന്നില്‍ സി ഐ ടി യു ജനറല്‍ സെക്രട്ടറിയാണെന്ന തടസ്സം ഉണ്ടെങ്കിലും അദ്ദേഹത്തെ മത്സരിപ്പിക്കും. നേതൃതലത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി കാണുന്ന പിണറായി വിജയന്‍ ധര്‍മടത്ത് നിന്നാകും ജനവിധി തേടുക. കഴിഞ്ഞ തവണ മാറ്റിനിര്‍ത്തിയ ആനത്തലവട്ടം ആനന്ദനെ ഇത്തവണ വര്‍ക്കലയില്‍ മത്സരിപ്പിക്കുമെന്നാണ് കേള്‍വി. കഴിഞ്ഞ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറി പദമൊഴിഞ്ഞ എം എം മണി, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ് എന്നിവരും ഇത്തവണ പാര്‍ലിമെന്ററി രംഗത്തേക്ക് വരും.

---- facebook comment plugin here -----

Latest