വിശ്വദീപകിന്റെ രാജി

Posted on: February 23, 2016 3:04 am | Last updated: February 22, 2016 at 10:13 pm
SHARE

രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളെ ഹിന്ദുത്വ ഫാസിസം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സീ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ വിശ്വദീപകിന്റെ രാജിയും എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് അദ്ദേഹം അയച്ച കത്തിലെ പരാമര്‍ശങ്ങളും. ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹം ആരോപിച്ചു അറസ്റ്റ് ചെയ്യാനിടയാക്കിയത് സീ ന്യൂസ്, ടൈസ് നൗ ചാനലുകളുടെ തെറ്റായ പ്രക്ഷേപണമായിരുന്നു. കനയ്യകുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നവകാശപ്പെട്ട് ചാനല്‍ ജെ എന്‍ യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന്റെ ദൃശ്യം സംപ്രേഷണം ചെയ്തിരുന്നു. ഇതടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഈ വീഡിയോ വ്യാജമാണെന്ന് പിന്നീട് വെളിപ്പെടുകയുണ്ടായി.
ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ ഫെബ്രുരുവരി 11ന് സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് വളച്ചൊടിച്ചും സംഘ്പരിവാറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുമാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ‘ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം, ഞങ്ങള്‍ അത് നേടിയെടുക്കും, കാശ്മീര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു’ എന്നിങ്ങനെ ചടങ്ങിനിടെ കനയ്യ കുമാര്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്ന രീതിയില്‍ ഉള്ള വീഡിയോയാണ് സീ ന്യൂസും ടൈസ് നൗ ചാനലും പ്രദര്‍ശിപ്പിച്ചത്. ഇതേ ദൃശ്യം പിന്നീട് ഇന്ത്യാ ടുഡേ കാണിച്ചപ്പോള്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം മറ്റൊന്നായിരുന്നു. ‘പട്ടിണി മരണത്തില്‍ നിന്ന്, കലാപകാരികളില്‍ നിന്ന്, ആര്‍ എസ് എസില്‍ നിന്ന്, ബ്രാഹ്മണ വാദത്തില്‍ നിന്ന്, മനുവാദത്തില്‍ നിന്ന് ഞങ്ങള്‍ സ്വാതന്ത്ര്യം നേടും’ എന്നായിരുന്നു അവരുടെ വാര്‍ത്തയില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. ഇതാണ് യഥാര്‍ഥത്തില്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ വിളിച്ചത്. കാശ്മീര്‍ എന്ന വാക്കേ മുദ്രാവാക്യത്തിലുണ്ടായിരുന്നില്ല. സീ ന്യൂസ് ഈ വീഡിയോയില്‍, കാശ്മീരില്‍ വിഘടന വാദികള്‍ മുഴക്കിയ ചില മുദ്രാവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു കനയ്യയും കൂട്ടുകാരും ദേശവിരുദ്ധരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. വീഡിയോയില്‍ ചുണ്ടനക്കം യോജിച്ചു വരുന്ന വിധത്തില്‍ അവര്‍ ശബ്ദം ഒപ്പിച്ചെടുക്കുകയായിരുന്നുവെന്ന് ഈ കൃത്രിമം പുറത്തുകൊണ്ടുവന്ന ഇന്ത്യാ ടുഡേയിലെ രാഹുല്‍ കമാല്‍ പറയുന്നു.
രാജ്യദ്രോഹം ഗുരുതര കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരം കേസുകളില്‍ ബാഹ്യ സ്രോതസ്സുകളില്‍ നിന്നുള്ള തെളിവുകള്‍ സ്വീകരിക്കുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്നാണ് ചട്ടം. വീഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധാരണ ഗതിയില്‍ ഫോറന്‍സിക് പരിശോധനയും മറ്റും നടത്താറുമുണ്ട്. എന്നാല്‍, ഡല്‍ഹി പോലീസ് അത്തരം സൂക്ഷ്മ പരിശോധനകള്‍ക്കൊന്നും മെനക്കെടാതെ കിട്ടിയ തെളിവ് വെച്ചു പെട്ടെന്ന് രാജ്യദ്രോഹത്തിന് കേസെടുക്കുകയാണുണ്ടായത്. ഇത് ചാനലുകളും വര്‍ഗീയ ഫാസിസ്റ്റുകളും ഡല്‍ഹി പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് സന്ദേഹിക്കുന്നവരുണ്ട്. കൃത്രിമം പകല്‍ വെളിച്ചം പോലെ ബോധ്യപ്പെട്ടിട്ടും തെറ്റ് ഏറ്റുപറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാതെ സീന്യൂസ് മേധാവികള്‍ പിന്നെയും ജെ എന്‍ യു വിദ്യാര്‍ഥികളെ കരിവാരിത്തേക്കുന്ന തെറ്റായ വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത് ഈ സന്ദേഹത്തിന് ബലമേകുകയും ചെയ്യുന്നു.
രാജി വെച്ച വിശ്വദീപക് ചൂണ്ടിക്കാണിച്ചത് പോലെ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഏറ്റവും വലിയ കൈമുതല്‍ നിഷ്പക്ഷതയും ധാര്‍മികതയുമാണ്. അഥവാ അങ്ങനെ ആയിരിക്കണം. തങ്ങള്‍ സമൂഹത്തിനെത്തിച്ചു കൊടുക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമാണെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം ഭരണകൂടത്തിനും നീതിപീഠങ്ങള്‍ക്കും തെറ്റു സംഭവിക്കുമ്പോഴും വഴിതെറ്റുമ്പോഴും അവരെ നേര്‍വഴിയിലേക്ക് നയിക്കാനുള്ള തിരുത്തല്‍ ശക്തി കൂടിയായി നിലകൊള്ളേണ്ടവരാണ് മാധ്യമങ്ങള്‍. പകരം അവരുടെ ധര്‍മച്യുതിക്കും വഴികേടിനും ആടിനെ പേപ്പട്ടിയെന്ന് മുദ്ര ചാര്‍ത്തി തല്ലിക്കൊല്ലുന്ന ദുഷ്ട ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കുന്നത് കൊടും പാതകമാണ്. ഇത്തരക്കാര്‍ മാധ്യമ സമൂഹത്തിന് അപമാനമാണ്.
കാവലാളാകേണ്ട മാധ്യമങ്ങള്‍ അന്തകരായ വര്‍ഗീയ ഫാസിസത്തിന്റെ നെടുംതൂണായി അധഃപതിക്കുന്ന ദുഃഖകരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് പൊതുവെ ഇന്നുള്ളത്. സംഘ്പരിവാറിന്റെ ആസൂത്രിതമായ നീക്കത്തിന്റെ പരിണതിയാണിത്. സവര്‍ണ ആഭിമുഖ്യമുള്ള പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുത്ത് പൊതുധാരാ പത്രങ്ങളില്‍ കുടിയിരുത്തുക എന്നത് ആര്‍ എസ് എസ് അജന്‍ഡകളിലൊന്നാണ്. കേരളത്തിലെ വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സംസ്ഥാനത്തെ സംഘ്പരിവാര്‍ ഉടമസ്ഥതയിലുള്ള ഒരു ദിനപത്രം പ്രത്യേകം പരിശീലനം നല്‍കി വളര്‍ത്തിയെടുത്ത നൂറോളം പേരുണ്ടെന്ന വസ്തുത കുറച്ച് മുമ്പ് പുറത്ത് വന്നതാണ്. ഈ മാധ്യമങ്ങളില്‍ സംഘ്പരിവാറുമായി ബന്ധപ്പെട്ടതും ന്യൂനപക്ഷ വിരുദ്ധവുമായ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യത്തിന്റെ രഹസ്യമിതാണ്. മനഃസാക്ഷി സംഘ്പരിവാറിന് പണയം വെക്കാത്തവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുക ദുഷ്‌കരമാകുന്നതും വെറുതെയല്ല.