Connect with us

National

ആര്‍എസ്എസ് ഓഫീസില്‍ ദേശീയപതാക ഉയര്‍ത്തി കോണ്‍ഗ്രസിന്റെ പ്രതിഷേധം

Published

|

Last Updated

ഇന്‍ഡോര്‍: ജെ എന്‍ യുവും രാജ്യസ്‌നേഹവും വലിയ വിഷയമായി ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി ആര്‍ എസ് എസ് ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശസ്‌നേഹം എന്നത് ആര്‍ എസ് എസിന് വെറും വീമ്പുപറച്ചില്‍ മാത്രമാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി. സംഘര്‍ഷം മുന്നില്‍ക്കണ്ട് ഇന്‍േഡാറിലെ ആര്‍ എസ് എസ് ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുകയെന്ന തന്ത്രമാണ് ആര്‍ എസ് എസ് നേതൃത്വം പുറത്തെടുത്തത്.
അതേസമയം, രാജ്യസ്‌നേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ തങ്ങളുടെ ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറാകാത്തതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ജെ എന്‍ യുവില്‍ അടക്കമുള്ള നീക്കം ദേശസ്‌നേഹത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ യാദവിന്റെ നേതൃത്വത്തില്‍ 800ഓളം പ്രവര്‍ത്തകരാണ് ഇന്നലെ ഇന്‍ഡോറിലെ ആര്‍ എസ് എസ് കാര്യാലയത്തില്‍ എത്തിയത്. ഇവരെ തടയുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ വെച്ച് പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍, അരുണ്‍ യാദവ് അടക്കം 20 നേതാക്കളെ അകത്ത് പ്രവേശിക്കാന്‍ ആര്‍ എസ് എസ് അനുവദിക്കുകയായിരുന്നു.
ആര്‍ എസ് എസ് ഓഫീസില്‍ തങ്ങള്‍ ദേശീയ പതാക ഉയര്‍ത്തിയെന്നും അത് കാവിക്കൊടിക്കൊപ്പം അവിടെ സ്ഥിരമായി നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് പിന്നീട് പറഞ്ഞു.

Latest