ബൊളീവിയന്‍ ഹിതപരിശോധനയില്‍ മൊറേല്‍സിന് തിരിച്ചടി

Posted on: February 22, 2016 11:14 pm | Last updated: February 22, 2016 at 11:14 pm

evo moralesലാ പാസ്: നാലാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സിന്റെ ശ്രമത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ഹിതപരിശോധനക്ക് വെച്ചപ്പോള്‍ എതിര്‍ വോട്ടുകള്‍ക്കാണ് മുന്‍തൂക്കമെന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നേരിയ വ്യത്യാസത്തില്‍ മൊറേല്‍സ് പരാജയപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നാമൂഴം പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന 56കാരനായ മൊറേല്‍സ് 2009ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനാണ് ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചത്. ഹിതപരിശോധനയില്‍ ഭേദഗതിക്ക് പച്ചക്കൊടി ലഭിച്ചിരുന്നുവെങ്കില്‍ 2025 വരെ പ്രസിഡന്റ് പദവിയില്‍ തുടരാമായിരുന്നു.
എന്നാല്‍ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ 52.3 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ട്. 47.7 ശതമാനം പേര്‍ അനുകൂലിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 88 ശതമാനം പേര്‍ വോട്ട് ചെയ്ത ഹിതപരിശോധനയുടെ പുറത്ത് വന്ന ഫലം മിക്കവയും മൊറേല്‍സിന് എതിരാണ്. എന്നാല്‍ നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും കാത്തിരുന്നു കാണാമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പുറത്ത് വരുന്ന ഫലസൂചനകള്‍ ശരിയാവുകയാണെങ്കില്‍ ലാറ്റിനമേരിക്കയിലെ ഇടതു ചേരിക്ക് കനത്ത തിരിച്ചടിയായിരിക്കും ഇതുണ്ടാക്കുക.
ബൊളീവിയയില്‍ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റായി 2006ലാണ് ഇവോ മൊറേല്‍സ് അധികാരത്തില്‍ വന്നത്. ബൊളീവിയയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.