സിറ്റിയുടെ വല നിറച്ച് ചെല്‍സി ക്വാര്‍ട്ടറില്‍

Posted on: February 22, 2016 11:09 pm | Last updated: February 22, 2016 at 11:09 pm
SHARE

chelseaലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കി ചെല്‍സി എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.
ആദ്യപകുതി 1-1ന് സമനിലയായിരുന്നു. രണ്ടാം പകുതിയിലാണ് ഹോം ഗ്രൗണ്ടില്‍ നീലപ്പട കത്തിക്കയറിയത്. ഡിയഗോ കോസ്റ്റ(35), വില്യെന്‍(48), കാഹില്‍(53), ഹസാദ്(67), ട്രോറെ(89) എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. മുപ്പത്തേഴാം മിനുട്ടില്‍ ഫോപാലയാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്.
നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രൈന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ നേരിടേണ്ടതിനാല്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം നിരയെയാണ് കളത്തിലിറക്കിയത്.
ചെല്‍സിയാകട്ടെ, ഏറെക്കുറെ ഒന്നാം നിരയെ തന്നെയിറക്കി സീസണില്‍ ഒരു കിരീടമെങ്കിലും നേടുക എന്ന ലക്ഷ്യത്തില്‍ അടിയുറച്ചു നിന്നു.
ആദ്യം ലീഡെടുത്ത ചെല്‍സിയെ രണ്ട് മിനുട്ടിനുള്ളില്‍ സമനില പിടിച്ച് സിറ്റി ഞെട്ടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ താരം വില്യന്‍ നേടിയ ഗോളില്‍ ചെല്‍സി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു.
മോശം ഫോം കാരണം ഏറെ വിമര്‍ശമേറ്റു കൊണ്ടിരിക്കുന്ന ബെല്‍ജിം അറ്റാക്കര്‍ എദെന്‍ ഹസാദ് മനോഹരമായ ഫ്രീകിക്കിലൂടെ ഗോള്‍ നേടി തിരിച്ചുവരവ് നടത്തി.
ചെല്‍സിയില്‍ നിന്ന് വരുംദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കളി കാണാമെന്ന് മിഡ്ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസ് പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എവര്‍ട്ടനാണ് ചെല്‍സിയുടെ എതിരാളി.
ക്രിസ്റ്റല്‍പാലസിനോട് പരാജയപ്പെട്ട് ടോട്ടനംഹോസ്പര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. റീഡിംഗാണ് ക്വാര്‍ട്ടറില്‍ എതിരാളി. ബ്ലാക്‌ബേണിനെ 1-5ന് തകര്‍ത്ത് വെസ്റ്റ്ഹാമും ക്വാര്‍ട്ടറിലെത്തി.