Connect with us

Gulf

അബുദാബിയില്‍ ബേക്കറി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയില്‍

Published

|

Last Updated

അബുദാബി: ജീവിതം പ്രതിസന്ധിയിലായ ബേക്കറി തൊഴിലാളികളുടെ കാര്യത്തില്‍ സാമൂഹിക സംഘടനകള്‍ ഇട പെടണമെന്നാവശ്യം ശക്തമാകുന്നു . മാനേജ്‌മെന്റ് താമസ വിസയും, കെട്ടിട വാടകയും പുതുക്കാത്തതിനെത്തുടര്‍ന്ന് പെരുവഴിയിലാക്കപ്പെട്ട അബുദാബിയിലെ ബേക്കറി തൊഴിലാളികളുടെ ജീവിതം ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്. മൂന്ന് മലയാളികളടക്കം ഇരുപത്തിമൂന്ന് തൊഴിലാളികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ജോലിയോ കൃത്യമായ താമസ സ്ഥലമോയില്ലാതെ കഷ്ടപ്പെടുന്നത്. പെരുവഴിയിലായി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഉത്തരവാതപ്പെട്ട ഒരു സംഘടനാ ഭാരവാഹികളും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഇവരുടെ പരാതി. ദുരിത വാര്‍ത്ത പുറത്ത് വന്നപ്പോള്‍ കെ എം സി സി കുറച്ച് ഭക്ഷണം തന്നിരുന്നെങ്കിലും പിന്നീട് അവരും തിരിഞ്ഞ് നോക്കിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞൂ
വിസ അനുബന്ധ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സാധാരണ തൊഴിലാളികളെ മാസാമാസം ശമ്പളം കൃത്യമായി കൈയ്യില്‍ ഏല്‍പ്പിച്ചാണ് കമ്പനി കബളിപ്പിച്ചത്. നാട്ടില്‍ പോകാനോ ആശുപത്രികളില്‍ പോകാനോ സാധിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് തൊഴിലാളികള്‍ ഇതിനെതിരെ പ്രതികരിച്ച് തുടങ്ങിയത്. ഒപ്പം താമസിച്ചിരുന്ന കെട്ടിടത്തിന്റെ വാടക കൂടി അടക്കാത്തതോടെ താമസസ്ഥലത്ത് നിന്നും ഒഴിയേണ്ടിയും വന്നത്. ഇതോടെയാണ് ഇവരുടെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായത്. ഇതില്‍ ചിലര്‍ പുറം പണിക്ക് പോയി നിത്യ ചിലവിനുള്ള പണം സമ്പാദിക്കുന്നുണ്ടെങ്കിലും കൂടുതലാളുകളുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ തന്നെയാണ്.
ബേക്കറിയുടെ നടത്തിപ്പുകാരനായ ജോര്‍ദാന്‍ സ്വദേശി ചെക്ക് കേസില്‍ അകപ്പെട്ട് ജയിലിലാണിപ്പോള്‍. ഇതോടെ കമ്പനിയുമായി ബന്ധപ്പെടാനുള്ള ഏക പഴുതും നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി വന്നതാണ് ജീവനക്കാര്‍ക്കിപ്പോഴുള്ള ഏക ആശ്വാസം. ഇതിന്‍ പ്രകാരം തൊഴിലാളികളുടെ ജോലിചെയ്ത കാലയളവിനനുസരിച്ച് പതിനൊന്നായിരം മുതല്‍ 25,000 ദിര്‍ഹം ലഭിക്കാനുള്ള ഉത്തരവ് വന്നിട്ടുണ്ട്. എന്നാല്‍ നഷ്ടത്തിലായ ബേക്കറിയുടെ അക്കൌണ്ടില്‍ നഷ്ടപരിഹാരം നല്‍കാനുള്ള തുകയിപ്പോഴില്ല. ഉടന്‍ തന്നെ ബേക്കറി വിറ്റ് നഷ്ടം നികത്തുമെന്നാണ് സ്വദേശിയായ ഉടമയില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള പണം ഇത് വിറ്റാലും കണ്ടെത്താനാവില്ലെന്ന് തൊഴിലാളികള്‍ പറയുന്നു .
വിസ പുതുക്കാത്തതിനാല്‍ ഓരോരുത്തര്‍ക്കും കുറഞ്ഞത് 50,000 ദിര്‍ഹത്തിലധികം പിഴയുണ്ട്. ഇവരുടെ ദുരിതം കൂടി അറിയിച്ച് കൊണ്ട് ഇത് ഇളവ് ചെയ്ത് കിട്ടാന്‍ കോടതില്‍ നല്‍കിയ ഹര്‍ജിയുടെ വിധി മാര്‍ച്ച് മാസം പതിമൂന്നിനാണ്. പിഴ വെട്ടിച്ചുരുക്കിക്കൊണ്ട് ഒരു വിധി വരുമെന്ന പ്രതീക്ഷയിലാണ് ഇവരില്‍ പലരും. ആ തുക കടം വാങ്ങിയാലും അടച്ച് തീര്‍ത്ത് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് ഇവരിപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അടുത്ത് നിന്ന് ചെറുതും വലുതുമായ തുകകള്‍ കടം വാങ്ങിയാണ് ഇവര്‍ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്.

Latest