അല്‍ ഖോര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് മൃഗങ്ങളെയും കാണാം

Posted on: February 22, 2016 7:52 pm | Last updated: February 22, 2016 at 7:52 pm
SHARE

zooദോഹ: നാല് ദിവസം മുമ്പ് തുറന്ന അല്‍ ഖോര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഇനിമൃഗങ്ങളെയും കാണാം. ദോഹ മൃഗശാലയിലെ മൃഗങ്ങളെ അല്‍ ഖോര്‍ പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്. പൊതു പാര്‍ക്കില്‍ മൃഗശാല സജ്ജമാക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ നവീകരണത്തിനൊടുവിലാണ് അല്‍ ഖോര്‍ പാര്‍ക്ക് തുറന്നത്.
മികച്ച സഫാരി പാര്‍ക്ക് ഒരുക്കുന്നതിന്റെ ഭാഗമായി ദോഹ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നുണ്ട്. അല്‍ ഖോര്‍ പാര്‍ക്കിലേക്ക് 102 മൃഗങ്ങളെയും പക്ഷികളെയുമാണ് മാറ്റിയത്. 70 മൃഗങ്ങളെയും പക്ഷികളെയും കൂടി അടുത്തുതന്നെ മാറ്റും. എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ കുടുംബങ്ങള്‍ക്ക് മൃഗശാല കാണാം. ചൊവ്വാഴ്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് അഞ്ച് ഖത്വര്‍ റിയാല്‍ ആണ് പ്രവേശന നിരക്ക്. പാര്‍ക്കില്‍ സഞ്ചരിക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ട്രെയിന്‍ ആണ് മുഖ്യസവിശേഷത. ഇതില്‍ 36 പേര്‍ക്ക് ഇരിക്കാം. മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തിയാണ് മൃഗശാലയില്‍ നിന്ന് മാറ്റിയത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇലക്‌ട്രോണിക് ഹെല്‍ത്ത് കാര്‍ഡ് സജ്ജമാക്കിയിട്ടുണ്ടെന്നും പബ്ലിക് പാര്‍ക്ക് വകുപ്പിലെ സൂപ്പര്‍വൈസര്‍ ഡോ. അബുബക്കര്‍ മുഹമ്മദ് ഹമൂദ് അറിയിച്ചു.
അല്‍ ഖോറിലെ മിനി മൃഗശാലയില്‍ രണ്ട് വിഭാഗങ്ങളിലേക്ക് എട്ട് കവാടങ്ങളാണുള്ളത്. പത്ത് ഗ്ലാസ് കൂടുകളും ഒരു വലിയ കൂടും കുളങ്ങളും വെള്ളച്ചാട്ടവും പാലങ്ങളും മരവും കിളിക്കൂടും മറ്റുമുണ്ട്. മൃഗങ്ങളെയും പക്ഷികളെയും പരിചരിക്കാനും പരിശോധിക്കാനും പ്രത്യേക മുറിയും ഉണ്ട്. നിരീക്ഷണത്തിനും പ്രത്യേം പാര്‍പ്പിക്കാനും ആറ് മുറികളും ലബോറട്ടറിയും ഫാര്‍മസിയുമുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം തയ്യാറാക്കാന്‍ പ്രത്യേകം കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്.
അതേസമയം, പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് വെള്ളി, ശനി ഒഴിവുദിവസങ്ങളില്‍ നിരവധി പേരാണ് എത്തിയത്. മൊറോക്കന്‍ അംബാസഡര്‍ അല്‍ മക്കി കവാനും ഭാര്യയും സന്ദര്‍ശകരില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം വരെ പതിനായിരത്തിലേറെ പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here