ഊര്‍ജ ഉപയോഗം കുറക്കാന്‍ ഗള്‍ഫില്‍ സ്മാര്‍ട്ട് സിറ്റികള്‍ വരുന്നു

Posted on: February 22, 2016 7:46 pm | Last updated: February 22, 2016 at 7:46 pm
SHARE

ദോഹ :വര്‍ധിച്ചു വരുന്ന ഊര്‍ജോപയോഗം നിയന്ത്രിച്ച് പ്രതിസന്ധിയെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങില്‍ സ്മാര്‍ട്ട് സിറ്റികള്‍ വരുന്നു. ആറു ഗള്‍ഫ് നാടുകളും ഒന്നിച്ചു നടപ്പിലാക്കുന്ന പദ്ധതിയായാണ് സ്മാര്‍ട്ട് സിറ്റികള്‍ പ്രയോഗവത്കരിക്കുക. ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കരടു രൂപം അടുത്തു ചേരുന്ന ജി സി സി മന്ത്രിതല യോഗത്തില്‍ അവതരിപ്പിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ പുതുതായി നിലവില്‍ വരുന്ന പാര്‍പ്പിട പദ്ധതികളിലെല്ലാം സ്മാര്‍ട്ട് സിറ്റി ആശയം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് കുവൈത്ത് ഹൗസിംഗ് അഫയേഴ്‌സ് മന്ത്രി യാസിര്‍ അബ്ദുല്‍ സൈദ് ഇന്നലെ ദമാമില്‍ പറഞ്ഞു. വര്‍ധിച്ച ഊര്‍ജ ആവശ്യത്തെ പരിഹരിക്കുന്നതിനും ഭാവി മുന്നില്‍ കണ്ടുള്ള ആശയമാണിത്. വിഷയം അടുത്ത ഗള്‍ഫ് മന്ത്രിതല യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ മന്ത്രിമാര്‍ തങ്ങളുടെ രാജ്യത്ത് ആസൂത്രണം ചെയ്ത ആശയങ്ങള്‍ പരസ്പരം പങ്കുവെക്കും. ശേഷം പദ്ധതിയെ ഏകോപിപ്പിച്ച് ആശയം വികസിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
മേഖലയുടെ ഘടനാരൂപവത്കരണത്തില്‍ മുഖ്യ ആശയമായി ഇതു വരികയാണ്. വൈദ്യുതോര്‍ജത്തിന്റെ സംരക്ഷണത്തിനും സ്ഥിരതക്കും വേണ്ടി ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആശയങ്ങള്‍കൂടി പരിഗണിച്ചാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ചട്ടക്കൂട് തയാറാക്കുക. ഊര്‍ജം സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ആശയമാണിത്. ആരോഗ്യ, ഗതാഗത മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതും സജീവമായി പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്നു അടിസ്ഥാന മേഖലകളില്‍ സംയോജിത പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഗള്‍ഫ് സമൂഹത്തിന്റെ സുസ്ഥിരമായ പുരോഗതി പൂര്‍ണാര്‍ഥത്തില്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് ഗള്‍ഫ് എന്‍ജിനീയറിംഗ് യൂനിയന്‍ സെക്രട്ടറി ജനറല്‍ കമാല്‍ ബിന്‍ അബ്ദുല്ല അല്‍ ഹമദ് പറഞ്ഞു. ‘സ്മാര്‍ട്ട് സൊലൂഷന്‍ ഫോര്‍ ഫ്യൂച്ചര്‍ സിറ്റീസ്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികനസത്തിനായി സമര്‍പ്പിക്കപ്പെടുന്ന ശിപാര്‍ശ ഗള്‍ഫ് രാജ്യങ്ങള്‍ പരിഗണിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മനുഷ്യവിഭവങ്ങളുടെയും മാനേജ്‌മെന്റിന്റെയും യോജിച്ച ഉപയോഗത്തിലൂടെയുള്ള പ്രവര്‍ത്തനം ഈ രംഗത്തെ പോരായ്മകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെല്‍ത്ത്, ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സ്മാര്‍ട്ട് ബില്‍ഡിംഗ്, സ്മാര്‍ട്ട് എനര്‍ജി, വിദ്യാഭ്യാസം, യൂത്ത് ഡവലപ്‌മെന്റ് തുടങ്ങിയ രംഗങ്ങളില്‍ ആധുനികമായ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഫോറം ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫിലെ മികച്ച സമാര്‍ട്ട് പദ്ധതികള്‍ക്ക് ഫോറത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ദുബൈ ഗവണ്‍മെന്റ് നടപ്പിലാക്കിയ ആട്ടോമാറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ബസ് പദ്ധതിക്കായിരുന്നു അവാര്‍ഡ്. കുവൈത്തിന്റെ പുനരുപയോഗ ഊര്‍ജ പദ്ധതിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.