ലുസൈല്‍ എക്‌സ്പ്രസ് പാത അടുത്ത വര്‍ഷം തുറക്കും

Posted on: February 22, 2016 7:41 pm | Last updated: February 22, 2016 at 7:41 pm

mmദോഹ: ബിസിനസ് പ്രദേശമായ വെസ്റ്റ് ബേയെ പുതിയ ലുസൈല്‍ സിറ്റിയുമായി ബന്ധപ്പിക്കുന്ന ലുസൈല്‍ എക്പ്രസ്‌വേ അടുത്തവര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകും. അശ്ഗാല്‍. സെന്‍ട്രല്‍ മുനിസിപ്പില്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം അശ്ഗാല്‍ പ്രതിനിധികള്‍ എക്പ്രസ്‌വേയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയശേഷം അറിയിച്ചതാണിക്കാര്യം.
350 കോടി റിയാലാണ് പദ്ധതിച്ചെലവ്. 5.3 കിലോമീറ്റര്‍ നീളുന്ന പാതയില്‍ ഇരു ദിശകളിലേക്കും നാലുവരികളുണ്ടാകും. പേള്‍, ഉനൈസ, അല്‍വഹ്ദ എന്നിവിടിങ്ങളില്‍ ബഹുനില ഇന്റര്‍ സെക്ഷനുകളും ഉണ്ടാകും. പേള്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ലുസൈല്‍ സിറ്റി, ഡിപ്ലോമാറ്റിക് ഏരിയ, സമീപത്തെ വ്യവസായ, താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കു നീളുന്ന റോഡുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
ലുസൈലില്‍ നടക്കുന്ന ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് സംവിധാനത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. സിഗ്‌സാഗ് ടവറിന് സമീപം നോര്‍ത്ത് കനാല്‍ ക്രോസിംഗ് പകുതി പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. നോര്‍ത്ത് കനാല്‍ ക്രോസിംഗിന്റെ ഡാമിന് വേണ്ടിയുള്ള റീഫില്ലിംഗ്, കുഴിയെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അശ്ഗാല്‍ അറിയിച്ചു.
കുടിവെള്ള പൈപ്പുകള്‍, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുകള്‍, മലിന ജല ശുദ്ധീകരണം എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. അതേ സമയം, വെസ്റ്റ് ബേയെ പ്രധാന എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന അല്‍വഹ്ദ ഇന്റര്‍ സെക്ഷന്റെ പണി പുരോഗമിക്കുകയാണ്. പൂര്‍ത്തിയായാല്‍ ഈ മൂന്ന് നില ജംഗ്ഷനില്‍ ഇരുഭാഗത്തേക്കും മൂന്നു വരികളോടെ ഒരു ടണലും പാലവും ഉണ്ടാകും. ഇന്റര്‍ചേഞ്ചില്‍ മൂന്ന് ടണലുകളിലൊന്നിന്റെ പണി പുരോഗമിക്കുകയാണ്. രണ്ടു ടണലുകളുടെ കുഴിയെടുക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നും അശ്ഗാല്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ അല്‍വഹ്ദ കമാനങ്ങളുടെ നിര്‍മാണത്തിന് 26.3 കോടി റിയാലിന്റെ കരാര്‍ എവര്‍സെന്‍ഡായ് ഖത്വറിന് നല്‍കിയിരുന്നു. ഇവിടെ അന്തരീക്ഷത്തില്‍ തൂക്കിയിട്ടിരിക്കുന്ന രീതിയില്‍ വിസിറ്റേഴ്‌സ് സെന്റര്‍ ഒരുക്കും. കേബിള്‍ കാര്‍ വഴിയാണ് വിസിറ്റേഴ്‌സ് സെന്ററിലേക്കു പ്രവേശിക്കുക.
രാജ്യത്തെ ഗതാഗതം സുഗമമാക്കുന്നതിനുള്ള അശ്ഗാല്‍ എക്പ്രസ്‌വേ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലുസൈല്‍ എക്പ്രസ്‌വേ. റോഡുകള്‍ക്കും ജംഗ്ഷനുകള്‍ക്കും പുറമേ ഇലക്ട്രിസിറ്റി കേബിളുകള്‍ക്കു വേണ്ടി മൂന്ന് കിലോമീറ്റര്‍ ടണലും മഴവെള്ളം നീക്കം ചെയ്യുന്നതിന് ഒരു കിലോമീറ്റര്‍ ടണലും നിര്‍മിക്കുന്നുണ്ട്. റോഡ് കുഴിക്കാതെ തന്നെ അറ്റകുറ്റപ്പണികള്‍ നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.