ജെഎന്‍യുവിലെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വ്യാജമെന്ന് സീ ന്യൂസില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്‍

Posted on: February 22, 2016 6:58 pm | Last updated: February 22, 2016 at 6:58 pm
SHARE

zee newsന്യൂഡല്‍ഹി: ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ വിവാദമായ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വ്യാജമാണെന്ന് സീ ന്യൂസില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്‍. സീ ന്യൂസ് വീഡിയോ ആധാരമാക്കിയായിരുന്നു കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് സീ ന്യൂസില്‍ നിന്ന് രാജിവെച്ച ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വ ദീപക് വെളിപ്പെടുത്തിയിരിക്കുന്നത്.

ജെഎന്‍യുവില്‍ നടന്ന പരിപാടിയുടെ വീഡിയോ ഷൂട്ട് ചെയ്തത് തങ്ങളാണെന്നും എന്നാല്‍ അതില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന ദേശവിരുദ്ധ മുദ്രാവാക്യമുണ്ടായിരുന്നില്ലെന്നും ദീപക് പറഞ്ഞു. വീഡിയോയില്‍ കൃത്രിമം നടത്തിയാണ് ഈ ഭാഗം ചേര്‍ത്തത്. പിന്നീട് ചാനലില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന തലക്കെട്ടോടെ പലയാവര്‍ത്തി സംപ്രേഷണം ചെയ്തു. പ്രത്യേക ഉന്മാദാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഈ വാര്‍ത്തയുടെ ആവര്‍ത്തനം. സീ ന്യൂസിലെ എഡിറ്റര്‍മാരാണ് വീഡിയോയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് എഴുതിച്ചേര്‍ത്തത്.

ഫെബ്രുവരി 10നാണ് വ്യാജവാര്‍ത്തയുടെ സൃഷ്ടി നടക്കുന്നത്. എഡിറ്റോറിയല്‍ യോഗത്തില്‍ ചീഫ് പ്രൊഡ്യൂസറാണ് ഇത് കോളിളക്കമുണ്ടാക്കാന്‍ പോകുന്ന വാര്‍ത്തയാണെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് താന്‍ ഈ വീഡിയോ കണ്ടു. എന്നാല്‍ അതില്‍ ഭാരതീയ കോര്‍ട്ട് സിന്ദാബാദ് എന്നായിരുന്നു മുദ്രാവാക്യം. ഈ ഭാഗത്തെ ശബ്ദം അവ്യക്തമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് അവിടെ മുഴങ്ങിയതെന്ന രീതിയില്‍ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് വീഡിയോ എഡിറ്റര്‍മാര്‍ ഈ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് എഴുതിക്കാണിക്കുകയായിരുന്നു എന്നും ദീപക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here