സിറാജ് എക്‌സിക്യൂട്ട് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച കെ ടി സുരേഷിന് ആദരം

Posted on: February 22, 2016 6:03 pm | Last updated: February 22, 2016 at 6:03 pm
kt suresh
സിറാജ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച കെ ടി സുരേഷിന് കവി പികെ ഗോപി ഉപഹാരം നല്‍കുന്നു

കോഴിക്കോട്: സിറാജ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച കെ ടി സുരേഷിനെ കെ യു ഡബ്ല്യു ജെ- കെ എന്‍ ഇ എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിറാജ് സെല്‍)യുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കവി പി കെ ഗോപി മുഖ്യാതിഥിയായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് സത്യസന്ധത കടലെടുത്തു പോകുന്ന കാലത്ത് സാമൂഹിക ബോധമുള്ള പത്രപ്രവര്‍ത്തകര്‍ അനിവാര്യതയാണെന്നും ഈ അനിവാര്യതയാണ് കെടി സുരേഷിനെപ്പോലുള്ളവര്‍ നിവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്രസ്ഥാപനത്തിന്റെ വിശ്വാസ ദാര്‍ഢ്യത്തില്‍ വേരാഴ്ത്തി നില്‍ക്കുമ്പോഴും പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്യം ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ഗോപി പറഞ്ഞു.

kt suresh
ചടങ്ങില്‍ കവി പികെ ഗോപി സംസാരിക്കുന്നു

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. പി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, സിറാജ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി കെ കെ മധു എന്നിവര്‍ പൊന്നാടയണിയിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ്, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, കെ എന്‍ ഇ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ബാബുരാജ്, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി ഹരിദാസന്‍ പാലായില്‍, എം കെ പ്രേമനാഥ്, കരീം കക്കാട്, മുഹമ്മദ് അലി, കെ പി വിജയകുമാര്‍, ഹനീഫ കുരിക്കളകത്ത്, വി കെ ഉമ്മര്‍ എന്നിവര്‍ ആശംസയറിയിച്ചു.

പി വി രാജു, എം എം ശംസുദ്ദീന്‍, കെ കെ മധു, വിപുല്‍നാഥ് എന്നിവര്‍ യൂനിയന്‍ ഉപഹാരം നല്‍കി.
എം വി ഫിറോസ് സ്വാഗതവും എം എം ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.